KeralaLatest NewsNews

നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ താലൂക്കിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളത്ത് ജനുവരി 21 നും, കോട്ടയത്ത് 28 നും തൃശ്ശൂർ, ചാവക്കാട് താലൂക്കുകൾക്കായുളള അദാലത്ത് 25 നുമാണ് അദാലത്ത്.

Read Also: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി

എറണാകുളം അദാലത്ത്, എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോർക്ക റീജിയണൽ ഓഫീസിലാണ് നടക്കുക. തൃശ്ശൂരിലും കോട്ടയത്തും കളക്ടറേറ്റ് കോൺഫറൻസ് ഹാളുകളായിരിക്കും വേദികൾ. സാന്ത്വന പദ്ധതി അദാലത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ദയവായി പ്രസ്തുത അഡ്രസ്സിൽ ഹാജരാകാകേണ്ടതാണ്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്ക് വേണ്ടി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങൾക്ക് 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുളളവർക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാൻ കഴിയുക. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല.

രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ ആണ് അപേക്ഷിക്കാൻ കഴിയുക. നടപ്പു സാമ്പത്തിക വർഷം 33 കോടി രൂപയാണ് പദ്ധതിയാക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്.

പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് അപേക്ഷ നൽകുന്നതിനും നോർക്ക റൂട്ട്‌സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി വഴിയുളള ആനുകൂല്യങ്ങൾക്കായി നോർക്ക റൂട്ട്‌സ് ഓഫീസുകൾ മുഖേനയോ, ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Read Also: മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button