Latest NewsIndia

‘ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ലക്ഷ്യം അനുവദിക്കില്ല’ : നിലപാട് കടുപ്പിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ

ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) ലക്ഷ്യം അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സിമി നിരോധിത സംഘടയാണെന്നും സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

സിമിയുടെ നിരോധനത്തിനെതിരെയുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു വരികയാണ്. ഇതിനെതിരെ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് സംഘടനക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി കേന്ദ്രം രം​ഗത്തെത്തിയത്. അവരുടെ പല നേതാക്കൻമാരും മറ്റ് രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ ആണെന്നും അവർ ഇന്ത്യയിലെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

”അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നമ്മുടെ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അവരുടെ ലക്ഷ്യം ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ല”, എന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇസ്‌ലാമിന്റെ പ്രചാരണത്തിനായി വിദ്യാർത്ഥികളെയും യുവാക്കളെയും അണിനിരത്തുക, ജിഹാദിന് പിന്തുണ ഉറപ്പാക്കുക എന്നിവയൊക്കെയാണ് സിമിയുടെ ലക്ഷ്യമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 2001 സെപ്തംബർ 27 മുതൽ സംഘടന നിരോധിക്കപ്പെട്ടിരിക്കുകയാണ്.

അതിനു ശേഷവും സിമി പ്രവർത്തകർ സംഘം ചേരുകയും കൂടിക്കാഴ്ചകളും ഗൂഢാലോചനകളും നടത്തുകയും ആയുധങ്ങളും വെടിക്കോപ്പുകളും നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സിമി അംഗങ്ങൾക്ക് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും വിദ്യാർത്ഥികളും യുവാക്കളും ഉൾക്കൊള്ളുന്ന സംഘടനയായതിനാൽ ജമ്മു കശ്മീർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവിധ ഭീകര സംഘടനകൾ സിമിയെ സ്വാധീനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ഹിസ്ബുൾ-മുജാഹിദീൻ, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സിമിയെ ആയുധമാക്കാൻ ശ്രമിക്കുന്നതായും കേന്ദ്രം അറിയിച്ചു.

ദേശീയതയിൽ ഊന്നിയ രാഷ്ട്ര സങ്കൽപത്തിലോ മതേതരത്തിൽ അടിസ്ഥാനമാക്കിയ ഇന്ത്യൻ ഭരണഘടനയിലോ സിമി വിശ്വസിക്കുന്നില്ല. അത് വിഗ്രഹാരാധനയെ പാപമായി കണക്കാക്കുകയും അത്തരം ആചാരങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു എന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഓക്ക, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചയാണ് കേസ് പരിഗണിച്ചത്.

സിമിയുടെ നിരോധനം ഇന്നും നിലനിൽക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിക്കു മുൻപാകെ ലഭിച്ചിട്ടുണ്ടെന്നും ഈ ഹർജികൾക്കെതിരായാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ രജത് നായർ സുപ്രീംകോടതി ബെഞ്ചിനെ അറിയിച്ചു. കേന്ദ്രം സമർപ്പിച്ച എതിർ സത്യവാങ്മൂലം പരിശോധിക്കുമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേസിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഇരുകക്ഷികളും കോടതിയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാദം കേൾക്കൽ അടുത്ത മാസത്തേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button