KeralaLatest NewsNews

പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് തന്റെ ഇഷ്ട നേതാവായ ശശി തരൂര്‍ പറഞ്ഞതനുസരിച്ച് : എ.കെ ആന്റണിയുടെ മകന്‍ അനില്‍

ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് താന്‍ പങ്കുവച്ചതെന്നും അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍നിന്ന് രാജിവച്ച അനില്‍ ആന്റണി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് താന്‍ പങ്കുവച്ചതെന്നും അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍നിന്ന് രാജിവച്ച അനില്‍ ആന്റണി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ വിമര്‍ശിച്ചു.

Read Also: പാറശ്ശാല ഷാരോണ്‍ വധക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു, അമ്മയും അമ്മാവനും രണ്ടും മൂന്നും പ്രതികള്‍

‘രാജിയെക്കുറിച്ച് വളരെ വ്യക്തമായി കത്തില്‍ പറയുന്നുണ്ട്. മാസങ്ങളായും വര്‍ഷങ്ങളായും നടക്കുന്ന പല പ്രത്യേക കാരണങ്ങളും അതിന്റെ ഭാഗമാണ്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി വലിയ വേദനയുണ്ടാക്കി. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എന്നെപ്പോലൊരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ നല്ലതാണെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്. ഇനി രാഷ്ട്രീയ കാര്യങ്ങള്‍ ചിന്തിക്കാതെ പ്രഫഷനല്‍ കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നാണ് സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണം ഉണ്ടായത്. 2017ലാണ് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേരിട്ടു പറഞ്ഞതിനാലാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. 2019ല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, എനിക്ക് ഇന്ത്യയില്‍ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ഡോ.ശശി തരൂരും പറഞ്ഞതിനാലാണ് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയത്’, അനില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വന്നപ്പോള്‍ എന്റെ പപ്പ ഉള്‍പ്പെടെ ഖര്‍ഗെയുടെ കൂടെ നിന്നപ്പോഴും ഞാന്‍ തരൂരിന്റെ കൂടെ നിന്നത് ഈ കാരണത്താലാണ്. 2019 മുതല്‍ കോണ്‍ഗ്രസിന് അകത്തൊരു സിസ്റ്റം ഉണ്ടാക്കിയിരുന്നു. വളരെ സാംസ്‌കാരികമായ സിസ്റ്റം. പക്ഷേ അങ്ങനെ ഒരു സിസ്റ്റം ഈ രീതിയിലേക്ക് അധ:പ്പതിച്ചു പോയതില്‍ എനിക്കു വലിയ വിഷമമുണ്ട്. 2021 വരെ തിരഞ്ഞെടുപ്പുകളില്‍ സജീവമായി ഇറങ്ങി. എന്നാല്‍ ഏതാനും മാസങ്ങളായി പല കാരണങ്ങളാല്‍ ഞാന്‍ മാറിനില്‍ക്കുകയാണ്. ഞാന്‍ നടത്തിയത് മോശമായ ട്വീറ്റൊന്നുമല്ല. കോണ്‍ഗ്രസിന്റെ പാര്‍ട്ടി നിലപാടില്‍നിന്ന് വിരുദ്ധമായി ഒന്നും അതില്‍ പറഞ്ഞിട്ടില്ല’ അനില്‍ പറഞ്ഞു.

‘രാജ്യത്തിന്റെ കാതലായ താല്‍പര്യങ്ങളില്‍ അത് പരമാധികാരമായാലും, അഖണ്ഡതയായാലും, സുരക്ഷയായാലും അതില്‍ നമ്മള്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അതിനെ വളച്ചുതിരിച്ച് മോശമായ പരാമര്‍ശങ്ങളുണ്ടാക്കി അനാവശ്യമായ വിവാദങ്ങളുണ്ടാക്കി. ഫെയ്‌സ്ബുക്കില്‍ വളരെയധികം മോശമായ കമന്റുകളാണ് എനിക്കു നേരെ ഉയര്‍ന്നത്. ഇതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് നന്നായി അറിയാം. ഇത്രയ്ക്ക് സംസ്‌കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും ഒരു കൂടാരമായി മാറിയ ഈ കോണ്‍ഗ്രസില്‍ എന്നെപ്പോലൊരാള്‍ പ്രവര്‍ത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് ഞാന്‍ രാജിവയ്ക്കുന്നത്’- അനില്‍ ആന്റണി പറഞ്ഞു.

അതേസമയം, മകന്‍ പദവികള്‍ ഒഴിഞ്ഞതില്‍ പ്രതികരിക്കാനില്ലെന്ന് എ.കെആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button