Latest NewsNewsIndiaInternational

അഫ്‌ഗാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 200 കോടി ഫണ്ട് ബജറ്റിൽ വകയിരുത്തി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: 2023-24 ലെ കേന്ദ്ര ബജറ്റിൽ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാൻ, ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വർധിപ്പിക്കാൻ സഹായിക്കുമെന്ന് അറിയിച്ചു. ബുധനാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റിലാണ് അഫ്‌ഗാനിസ്ഥാന് 200 കോടി രൂപയുടെ (24.3 മില്യൺ ഡോളർ) വികസന സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

‘അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകുന്ന വികസന സഹായങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യും’, താലിബാന്റെ സുഹൈൽ ഷഹീൻ വ്യക്തമാക്കി.

താലിബാൻ കാബൂൾ പിടിച്ചെടുത്തതിനുശേഷം തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യ അഫ്ഗാനിസ്ഥാനുള്ള പിന്തുണ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കിലും അഫ്‌ഗാനിലെ ശോചനീയാവസ്ഥയിൽ ജനങ്ങളുടെ കൂടെ നിൽക്കുക എന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നാണ് റിപ്പോർട്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴും ഇന്ത്യ അഫ്‌ഗാനിസ്ഥാന് ഫണ്ട് നൽകുന്നത്.

അഫ്ഗാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഇന്ത്യ പലതവണ ഊന്നിപ്പറയുകയും, ഗോതമ്പ്, വാക്സിനുകൾ, ചരക്കുകൾ തുടങ്ങിയ രാജ്യത്തിന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഇന്ത്യൻ യൂണിയൻ ബജറ്റിൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ മൊത്തം ബജറ്റിന്റെ 32.40% വികസന പങ്കാളിത്തത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ഇന്ത്യയുടെ വിദേശ സഹായ റിപ്പോർട്ടിൽ ഏറ്റവും വലിയ പങ്ക് ഭൂട്ടാനിലേക്കാണ്, 2400 കോടി. ഇത് എംഇഎയുടെ വികസന സഹായത്തിന്റെ ഏകദേശം 41.04% ആണ്. ഈ വർഷത്തെ ബജറ്റിൽ എംഇഎയ്ക്ക് 18,050 കോടി രൂപ അനുവദിച്ചു, ഇത് മുൻവർഷത്തേക്കാൾ 4.64% കൂടുതലാണ്.

‘അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ധനസഹായം നൽകുന്ന വിവിധ പദ്ധതികൾ ഉണ്ടായിരുന്നു. ഈ പദ്ധതികളുടെ പ്രവർത്തനം ഇന്ത്യ പുനരാരംഭിച്ചാൽ, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനും അവിശ്വാസം ഇല്ലാതാക്കുന്നതിനും സഹായിക്കും’, ഷഹീൻ പറഞ്ഞു. ഹെറാത്ത് പ്രവിശ്യയിൽ അഫ്ഗാൻ പാർലമെന്റും ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ടും നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button