Latest NewsNewsInternational

ഭൂകമ്പം: തുര്‍ക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു, 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുള്ള മേഖലയിലാണ് ഇരട്ടപ്രഹരമായി ഭൂകമ്പദുരന്തം ഉണ്ടായത്

ഇസ്താംബുള്‍: തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടര്‍ ഭൂകമ്പങ്ങളിലും മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 3,381 പേരും സിറിയയില്‍ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. സിറിയയിലെ വിമത നിയന്ത്രിത മേഖലകളില്‍ മാത്രം 790 പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

Read Also: ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ഉയർന്നു, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 5,775 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം, 11,342 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് അനൗദ്യോഗിക വിവരമെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ടു ചെയ്തു.

തുര്‍ക്കിയില്‍ 7,800 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണനിരക്കു വരുംദിവസങ്ങളില്‍ 20,000 പിന്നിടാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയര്‍ എമര്‍ജന്‍സി ഓഫിസര്‍ കാതറീന്‍ സ്മാള്‍വുഡ് വിലയിരുത്തി.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണു രക്ഷാപ്രവര്‍ത്തകര്‍. ഇതിനിടെ ഇടയ്ക്കിടെ എത്തുന്ന തുടര്‍ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മധ്യതുര്‍ക്കിയില്‍ ചൊവ്വാഴ്ച രാവിലെ 5.6 രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുള്ള മേഖലയിലാണ് ഇരട്ടപ്രഹരമായി ഭൂകമ്പദുരന്തം ഉണ്ടായത്. അതിശൈത്യവും മഴയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാന്‍തെപില്‍ തിങ്കളാഴ്ച രാത്രി താപനില മൈനസ് 5 ഡിഗ്രിവരെയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button