KeralaLatest NewsNews

‘ആ കൊലപാതകങ്ങള്‍ കണ്ടു നമ്മൾ വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്‍മാര്‍ മാത്രമായിരുന്നു’: അഞ്‍ജു പാർവതി

'സി.പി.എം അണികൾ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ നേതാക്കന്മാർ നൽകിയ ക്വട്ടേഷൻ ആണെന്ന് അറിയാത്തവർ ആരാണുള്ളത്? ചോരക്കൊതിയുള്ള ഒരേ ഒരു പാർട്ടിയാണ് സി.പി.എം. വെട്ടേറ്റ് പിടയുന്നതിൻ്റെ നിലവിളി ശബ്ദം കേട്ട് ആനന്ദിക്കുന്ന സാഡിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന പാർട്ടി': രൂക്ഷ വിമർശനം

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ആകാശിനെ തള്ളിപ്പറഞ്ഞ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ നേതാക്കൾ അപ്പോൾ മുതൽ ഓട്ടത്തിലാണ്. ആകാശ് പാർട്ടിക്കാരനല്ലെന്നും, പാർട്ടിയുമായി ബന്ധമില്ലെന്നും വാദിച്ച് രണ്ട് തവണയാണ് എം.വി ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മറ്റ് നേതാക്കളുടെ കാര്യവും മറിച്ചല്ല. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, സി.പി.എമ്മിന് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതിപക്ഷം ശക്തമായി കളത്തിലുണ്ട്.

ആകാശിന്റെ വൈകി വന്ന കുമ്പസാരം ഒട്ടും പുതുമയുള്ളതല്ലെന്ന് അഞ്‍ജു പാർവതി പ്രഭീഷ്. ഇവിടെ സി.പി.എം അണികൾ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ എല്ലാം തന്നെ നേതാക്കന്മാർ നൽകിയ ക്വട്ടേഷൻ ആണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും, കൊടി സുനിയും ആകാശും പീതാംബരനുമൊക്കെ കൊന്നവന്മാരാണെങ്കിലും കൊല്ലിച്ചവന്മാർ കിന്നരി വച്ച രാഷ്ട്രീയ നേതാക്കന്മാരാണെന്നത് പകൽ പോലെ വ്യക്തമാണെന്നും അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

ഈ വെളിപ്പെടുത്തൽ കേട്ടിട്ട് ആരെങ്കിലും ഞെട്ടിയോ? ഇല്ലേ ഇല്ല! കാരണം വൈകി വന്ന ഈ കുമ്പസാരം ഒട്ടും പുതുമയുള്ളതായിരുന്നില്ല എന്നതിനാലും കാലങ്ങളായി തുടരുന്ന കൊലപാതക പരമ്പരയുടെ പാറ്റേൺ അറിയുന്നതിനാലുമാണ്. ഇവിടെ CPM അണികൾ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ എല്ലാം തന്നെ നേതാക്കന്മാർ നല്കിയ ക്വട്ടേഷൻ ആണെന്ന് അറിയാത്തവർ ആരാണുള്ളത്? കൊടി സുനിയും ആകാശും പീതാംബരനുമൊക്കെ കൊന്നവന്മാരാണെങ്കിലും കൊല്ലിച്ചവന്മാർ കിന്നരി വച്ച രാഷ്ട്രീയ നേതാക്കന്മാരാണെന്നത് പകൽ പോലെ വ്യക്തമാണ്. ഇവിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് രാഷ്ട്രീയചെളിക്കുണ്ടില്‍ പുതഞ്ഞുപോയ പ്രത്യയശാസ്ത്രത്തിന്റെ അധ:പതനമാണ്.

കൊല കൊടിയ പാതകമായതുകൊണ്ടു തന്നെയാണ് ഒരാളെ കൊല്ലുമ്പോള്‍ അതിനെ കൊലപാതകമെന്നു പറയുന്നത്. കൊല്ലാനുപയോഗിച്ച രീതിയേക്കാള്‍ പൈശാചികവും മൃഗീയവുമാണ് ഒരാളെ കൊല്ലാന്‍ കരുതികൂട്ടി തീരുമാനിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയ്ക്കുള്ളത്. ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാനാണ് രാഷ്ട്രീയവും ജനാധിപത്യവും രൂപമെടുത്തത്. എന്നാല്‍ രാജ്യ താല്‍പര്യങ്ങളില്‍ നിന്നും വ്യതിചലിച്ചു കക്ഷി രാഷ്ട്രീയത്തിന്‍റെ നീരാളിപ്പിടുത്തതില്‍ കുടുങ്ങിയ നാള്‍ മുതല്‍ രാഷ്ട്രീയത്തിന് അപചയം സംഭവിച്ചു തുടങ്ങി. അതോടെ രാഷ്ടീയം മലീമസമായ ഒരു കുപ്പത്തൊട്ടിയായി പരിണമിച്ചു. സമൂഹതാല്പര്യം വ്യക്തിതാല്പര്യത്തിലേക്ക് കൂപ്പുക്കുത്തിയപ്പോള്‍ ആശയങ്ങള്‍ കൊണ്ട് പൊരുതിയിരുന്നവര്‍ ആയുധങ്ങള്‍ കൊണ്ട് പൊരുതാന്‍ തുടങ്ങി.

രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് സ്വയം അഹങ്കരിച്ചിരുന്ന നമ്മളിൽ ചിലരെങ്കിലും ആ കൊലപാതകങ്ങള്‍ കണ്ടു വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്‍മാര്‍ മാത്രമായിരുന്നു. തെറ്റായ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ നല്‍കിയ അമ്പത്തൊന്നു വെട്ടുകളെ കഴുകികളയാന്‍ ഏത് ആശയത്തിനാണ് കഴിയുക? ചോരക്കൊതിയുള്ള ഒരേ ഒരു പാർട്ടിയാണ് സി.പി.എം. വെട്ടേറ്റ് പിടയുന്നതിൻ്റെ നിലവിളി ശബ്ദം കേട്ട് ആനന്ദിക്കുന്ന സാഡിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന പാർട്ടി. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ നേരിയ കണികപോലും എതിർചേരിയിൽ ഉള്ളവർ പ്രതീക്ഷിക്കരുത്.

കുമ്പസാരം വന്ന സ്ഥിതിക്ക് ഇനി ക്യാപ്സ്യൂളുകളുടെ വരവാണ്. ആകാശ് തില്ലങ്കേരി എന്ന അവരുടെ കൊലയാളി ഇപ്പോൾ അവരുടെ ശത്രുവാണ്. കണ്ണൂർ സഖാക്കൾ ഒന്നടങ്കം ആകാശിനെ കൈ ഒഴിഞ്ഞിട്ടുണ്ട്. കൊന്നവൻ തന്നെ എല്ലാം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി CBI അന്വേഷണത്തെ പാർട്ടി എതിർക്കേണ്ട കാര്യമില്ലല്ലോ. നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ യാചിക്കുമ്പോഴും കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന്‍ വേണ്ടിയാണ് നമ്മുടെ നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകരെ നിയോഗിച്ചത്.

എത്രയൊക്കെ ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം ഒരു നാൾ പുറത്ത് വരും .മക്കൾ നഷ്ടമായ അച്ഛനമ്മമാരുടെ വിലാപങ്ങൾക്ക് അഗ്നിപർവ്വതത്തോളം തീവ്രതയുണ്ട് . അതിൻ്റെ പൊട്ടിത്തെറിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ഒരു സിംഹാസനത്തിനും കഴിയില്ല. കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. ദുഷ്ടനെ പന പോലെ വളർത്തുന്ന കാലം ഒടുക്കം മറുപടി നല്കുന്നത് അടിവേര് വരെ പിഴുതെറിഞ്ഞ് കൊണ്ടായിരിക്കും. സത്യമേവ ജയതേ !

shortlink

Related Articles

Post Your Comments

Related Articles


Back to top button