KeralaLatest NewsNews

സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് 11 മണിക്കൂര്‍ ആണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇഡി അവസാനിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈവീശി കാണിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നാണ് അദ്ദേഹത്തിന് ഇ.ഡിയുടെ അടുത്ത് നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നോയെന്ന പരിശോധനയുടെ ഭാഗമായാണ് രവീന്ദ്രനെ ഇ.ഡി വിളിച്ചുവരുത്തിയത്. രവീന്ദ്രനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചും പരിശോധിച്ചു. സ്വപ്നയുമായുള്ള പരിചയവും സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും ഇ.ഡി അന്വേഷിച്ചു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇ.ഡി രവീന്ദ്രനോട് ചോദിച്ചുവെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി ആദ്യം നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞു രവീന്ദ്രന്‍ അന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു ചെയ്തത്. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നിയമസഭാ സമ്മേളനമായതിനാല്‍ 27ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സി എം രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നത്. സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഹാജരാകൽ. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button