KeralaLatest NewsNews

‘ഞാൻ കണ്ടു നിങ്ങളുടെ കണ്ണിൽ തോരാത്ത കണ്ണുനീർ, തലയ്ക്ക് മുകളിൽ ഞാൻ കണ്ടു മകളും ഒത്തുള്ള ഫോട്ടോകൾ’: കുറിപ്പ്

ഭാര്യയുടെ അവിഹിതബന്ധത്തെ തുടർന്ന് താൻ ജീവനൊടുക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാൻഡ് പ്രവാസിയായ ബൈജു രാജുവിനെ കുറിച്ചുള്ള വിവരങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷമാണ് ബൈജു രാജുവിനെ തേടി അന്ത്യ ചുംബനം നൽകാനായി മകൾ എത്തിയത്. ബൈജു രാജുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കാളിയായ നടനും സംവിധായകനുമായ എം.ബി പത്മകുമാർ തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ബൈജു രാജുവിനെഴുതുന്ന ഒരു കത്തിന്റെ രൂപത്തിൽ വളരെ ഹൃദയസ്പർശിയായ ഒരു കത്തായി ആണ് ഈ ഒരു വീഡിയോ കാണാൻ സാധിക്കുന്നത്.

കത്തിൽ പറയുന്നതിങ്ങനെ:

പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തിൽ കുരുക്കു മുറുകുന്നതിനു മുൻപായി ലോകത്തോട് വിളിച്ചു പറയാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ ഒരാളായി ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണം എന്ന് തോന്നിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഞാൻ എത്തിയത്. വലിയ ആൾക്കൂട്ടം ഒന്നും വീടിനു മുൻപിൽ ഇല്ലായിരുന്നു. ഭർത്താവിന്റെ പീഡനത്താൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെയും വീടായിരുന്നുവെങ്കിൽ ഇന്നവിടെ ജനസമുദ്രമായേനെ.

മരണം മൂകത തളം കെട്ടിക്കിടക്കുന്ന വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നത് എനിക്ക് തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവർഷം ജീവനെപ്പോലെ സ്നേഹിച്ച മകളെ ഒരു നോക്ക് കാണാൻ നിങ്ങൾ ഒരുപാട് ശ്രമിച്ചു എന്ന് സൂചിപ്പിച്ചിരുന്നു. മകളെ കാണണമെന്ന് ആഗ്രഹം മായാതെ ശരീരത്തിൽ ഉറഞ്ഞു കിടക്കുന്നുണ്ടല്ലോ. ഉരുളുന്ന ഈ മൊബൈൽ മോർച്ചറിയിൽ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നത് എന്ന് എനിക്കറിയാം. തലയ്ക്ക് മുകളിൽ ഞാൻ കണ്ടു മകളും ഒത്തുള്ള ഫോട്ടോകൾ.

അന്വേഷിച്ചപ്പോൾ നിങ്ങളുടെ ഭാര്യയും ഭാര്യ വീട്ടുകാരും മകളെ അവസാനമായി പോലും നിങ്ങളുടെ അടുത്തെത്തിക്കില്ല എന്ന വാശിയിലാണ് പോലും. പക്ഷേ അവസാനം അവർ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതിൽ നിന്ന് എന്തിന് തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല അവിടെ നിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ കിടത്തിയിരിക്കുന്ന സ്ഥലം സംഘർഷഭരിതമാണ് എന്നതാണ്. സംഘർഷമുള്ള സ്ഥലത്ത് കുട്ടി പേടിക്കും പോലും. ഒരു സംഘർഷവും ഇല്ലായിരുന്നു ബൈജു. ഞാൻ പറഞ്ഞില്ലേ നല്ലവരായ കുറച്ച് ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അടുത്ത് എത്തിച്ചു കവിളിൽ അവസാനം മുത്തം തരുവാൻ ആയിരുന്നു. പലരും കാലുപിടിച്ചു അവർ സമ്മതിച്ചില്ല. പോലീസിനെ സമീപിച്ചു. അവർ കൈയൊഴിഞ്ഞു. മകൾ വരും കവിളിൽ അന്ത്യ ചുംബനം തരുമെന്ന് പ്രതീക്ഷിച്ചു. നിങ്ങൾ തണുത്തുറഞ്ഞു കിടന്നപ്പോൾ മകൾ വരുന്നതു വരെ നിങ്ങൾക്കൊപ്പം കാത്തിരിക്കാൻ അവിടെ എല്ലാവരും തയ്യാറായിരുന്നു. പക്ഷേ കൊണ്ടുവരില്ലെന്ന് അവർ പലരെക്കൊണ്ടും ആവർത്തിച്ചു പറയിച്ചു. അവസാനം മകളെ കാണാതെ മടക്കി അയക്കാൻ എല്ലാവരും നിർബന്ധരായി.

വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത വൈദിക ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും ഹൃദയത്തോട് നിങ്ങൾക്ക് അന്ത്യചുംബനം നൽകി. ഞാൻ നിങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ഞാൻ കണ്ടു നിങ്ങളുടെ കണ്ണിൽ തോരാത്ത കണ്ണുനീർ. എല്ലാവരും ഹൃദയം തേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാൻ കുഴി തയ്യാറായിക്കഴിഞ്ഞു. മകൾ വരില്ല ആരും കൊണ്ടുവരില്ലെന്ന് തിരിച്ചറിഞ്ഞ് ആളുകൾ നിസ്സഹായരായി. നിങ്ങളെ ആംബുലൻസിൽ കിടത്തിയത് ഓർമ്മയില്ലെ..? കുട്ടിയെ വിട്ടു തരില്ലെന്ന വാശിയിൽ അമ്മയും കൂട്ടരും. കൊണ്ടുവരാനുള്ള അവസാന ശ്രമം നടത്തുന്ന ബന്ധുക്കളും സ്വന്തക്കാരും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന് വാശി വിജയത്തിലെത്തി.

പിന്നെ വാശിയായി, വാശിയല്ല നിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയനിട്ട കുറച്ചുപേരുണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയിൽ സ്വയം കുരുക്കു മുറുകുന്നതിനു മുൻപ് ജീവിതത്തിലേക്ക് തിരിച്ചു കയറി ജീവിച്ചു കാണിച്ചവരുടെ കൂട്ടായ്മ. എം ആർ എഫ് റൈറ്റ് ഫൗണ്ടേഷൻ. എല്ലാവരും കൈയ്യൊഴിഞ്ഞടത്ത് അവർ ഉണർന്നു. നിങ്ങൾക്ക് വേണ്ടി അവർ പോരാടി. അവസാനം മേലധികാരികളുടെ വാദത്തിന് ശക്തമായി തടയിട്ടു കൊണ്ട് അധികാരത്തിന്റെ പിടി അയച്ച് നിങ്ങളെ പുറത്തെടുത്ത് ആംബുലൻസിൽ കിടത്തിയില്ലെ.? അവിടെ വീണ്ടും കാത്തു കിടന്നില്ലേ. അപ്പോൾ പൊട്ടിമുളച്ചത് പോലെ ചില ശബ്ദങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് പറഞ്ഞയക്കാൻ തയ്യാറെടുത്തില്ലേ. അപ്പോൾ അതാ ഒരാൾ ഓടി വന്നു പറയുന്നു. പോകാൻ വരട്ടെ മകൾ വരുന്നുണ്ട്. പോലീസ് അധികാരികളുടെയും ശക്തമായ ഇടപെടലിൽ മകളെ എത്തിക്കാമെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു ബൈജു. ജയിച്ചു ബൈജു നിങ്ങൾ ജയിച്ചു.

നിങ്ങളുടെ അരികിലേക്ക് മകൾ എത്തുന്നു. മകളെ എത്തിക്കാമെന്ന് ഉറപ്പിന് ആംബുലൻസ് നീങ്ങി തുടങ്ങി. പള്ളിയിൽ നിങ്ങൾക്ക് വേണ്ടി അവസാന ശുശ്രൂഷയും നടക്കുകയാണ്. എനിക്കറിയാം നിങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മകളെ കാണാനായിരുന്നു നിങ്ങൾക്ക് തിടുക്കം. പുറത്ത് ആൾക്കാരും അക്ഷരമാരായി കാത്തു നിന്നു. സമയം നീണ്ടു. അങ്ങകലെ നിങ്ങളെ വിഹായുസും താഴെ മണ്ണും കാത്തിരിക്കുന്നു. മകൾ ഇനിയും എത്തിയിട്ടില്ല എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി.

ആരൊക്കെയോ ആഞ്ജ പുറപ്പെടുവിച്ചു തുടങ്ങി. ഒരു അച്ഛന്റെ അരികിൽ മകളെ എത്തിക്കാൻ എന്തിനാണ് ഈ ആഞ്ജകൾ. നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് നിങ്ങളുടെ ശബ്ദം മാറ്റാരെങ്കിലും ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരു അറിയിപ്പ് വന്നു ഞങ്ങൾ ആരും നിങ്ങളുടെ മകളെ കാണരുത് അച്ഛനു മകൾ കൊടുക്കുന്ന അവസാന ചുംബനം ലോകത്തെ കാണിക്കരുത്. മകൾ പേടിക്കും. ക്യാമറയ്ക്ക് പുറകിലുള്ള ശരീരങ്ങൾ പുറത്ത്. അവർ മനസ്സിലാക്കിയില്ല ഞങ്ങളാണ് ഇത്രയും ഒക്കെ എത്തിച്ചതെന്ന്. ഞങ്ങൾ മകളെ കാണുന്നില്ല എന്ന് പറഞ്ഞു. അവസാനം അവർ എത്തി നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കൾ തീർത്ത സംരക്ഷണ വലയത്തിൽ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവൽ നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു.

പക്ഷേ കാണിച്ചില്ല. ഒന്ന് ചോദിക്കട്ടെ മകൾ തന്നെ അന്ത്യ ചുംബനം നിങ്ങൾ അറിഞ്ഞൊ..? അനുഭവിച്ചോ.? മകളെ നിങ്ങൾ കണ്ടോ ബൈജു. എന്തായാലും പെട്ടെന്ന് തന്നെ അവർ മകളെയും കൊണ്ട് പോയത് ഞാൻ കണ്ടു. ഒരുപാട് പേര് ഉറങ്ങുന്ന മണ്ണിന്റെ കോണിൽ മനുഷ്യൻ അടച്ച പേടകത്തിൽ നിങ്ങൾ യാത്രയായി. എല്ലാവരും മടങ്ങി ത്തുടങ്ങി. പള്ളിയിൽ ചായ സൽക്കാരും ഉണ്ടായിരുന്നു. ചായകുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീർന്നു. എനിക്കറിയാം നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന് മടങ്ങുന്ന വഴിയിൽ ഞാൻ വീണ്ടും ബൈജുവിന്റെ വീട് കണ്ടു. ഞാൻ ഒന്നു നോക്കി അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റിൽ ഉലയുന്നുണ്ട്. നിങ്ങൾ ചിരിച്ചപ്പോൾ എടുത്ത ആ മുഖം പേറിയ പോസ്റ്റർ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ അപ്പുറത്തെ വാഴകൾ കാറ്റിലുലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. കാറ്റായി മഴയായി വെയിലായി മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങൾ. കാത്തിരിക്കാം. ഞങ്ങളും മടങ്ങുകയാണ് ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button