KeralaLatest NewsNews

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി സര്‍ക്കാര്‍.

അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്ന സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

അഖിലയെ സ്ഥലം മാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.

യാത്രക്കാരിൽ ഒരാൾ ഇതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഇത് വ്യാപകമായി ചർച്ചയാകുകയും ചെയ്തു. തുടർന്ന് കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയെന്നും സർക്കാരിനെയും കോർപറേഷനെയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റിയെന്നുമാണ് സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button