KeralaLatest News

കേസിൽ നിന്ന് ലക്ഷ്മിപ്രിയയെ ഒഴിവാക്കാൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ്

തിരുവനന്തപുരം: പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ നിർണായ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകൻ എങ്ങനെയാണ് പെൺകുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും ക‍ഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവൻ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലിൽ നിന്നും മകൻ മുക്തനായിട്ടില്ല.

അതേസമയം സംഭവത്തിൽ ലക്ഷ്മിപ്രിയക്ക് പങ്കില്ലെന്ന് യുവതിയുടെ അമ്മ. യുവാവിനെ മർദ്ദിക്കുമ്പോൾ തടയാനാണ് മകൾ ശ്രമിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ ശല്യം സഹിക്കാനാകാതായപ്പോൾ അക്കാര്യം മകൾ കൂട്ടുകാരോട് പറയുകയായിരുന്നെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറയുന്നു.

മർദ്ദനത്തിനിരയായ യുവാവ് മകളെ ശല്യംചെയ്തിരുന്നു എന്നാണ് ലക്ഷ്മിപ്രിയയുടെ അമ്മ വെളിപ്പെടുത്തുന്നത്. ഫോണിൽവിളിച്ചും മറ്റും ശല്യംചെയ്യൽ പതിവായതോടെ ഇത് ഒഴിവാക്കിനൽകാനാണ് കൂട്ടുകാരോട് ആവശ്യപ്പെട്ടതെന്നാണ് മകൾ തന്നോട് പറഞ്ഞത്. അടിക്കാനൊന്നും പറഞ്ഞിട്ടില്ല. ശല്യംസഹിക്കവയ്യാതായപ്പോൾ അത് വിലക്കാനാണ് ശ്രമിച്ചത്. അടിയെല്ലാം പയ്യന്മാർ പ്ലാൻ ചെയ്തതാണ്. അടികൊടുത്ത സമയത്ത് അവനെ അടിക്കരുതെന്ന് മകൾ പലതവണ പറഞ്ഞിരുന്നു. എന്നാൽ അവളെയും അടിക്കുമെന്ന് പറഞ്ഞാണ് യുവാവിനെ അവർ അടിച്ചതെന്നും സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ തനിക്കറിയില്ലെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.

അതിനിടെ, തിരുവനന്തപുരത്തെ ഒരുസുഹൃത്തിന്റെ വീട്ടിൽനിന്നാണ് കേസിലെ ഒന്നാംപ്രതിയായ ലക്ഷ്മിപ്രിയയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയശേഷം തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏപ്രിൽ അഞ്ചാംതീയതിയാണ് പ്രണയത്തിൽനിന്ന് പിന്മാറാത്തതിന്റെ പകയിൽ അയിരൂർ സ്വദേശിയായ യുവാവിനെ കാമുകിയായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. 19-കാരിയായ ലക്ഷ്മിപ്രിയയും അയിരൂർ സ്വദേശിയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ എറണാകുളത്ത് പഠിക്കാൻ പോയതോടെ പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായി. ഇതോടെ അയിരൂർ സ്വദേശിയെ ഒഴിവാക്കാനായി ശ്രമം. ബന്ധത്തിൽനിന്ന് പിന്മാറാതിരുന്നതോടെ ഇയാളെ തല്ലിച്ചതക്കാനായി പുതിയ കാമുകന് ലക്ഷ്മിപ്രിയ ക്വട്ടേഷൻ നൽകുകയായിരുന്നു. ലക്ഷ്മിപ്രിയയും പുതിയ കാമുകനും ക്വട്ടേഷൻസംഘത്തിൽ ഉൾപ്പെട്ട ആറുപേരുമാണ് കേസിലെ പ്രതികൾ.

അഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ലക്ഷ്മിപ്രിയയും മറ്റുരണ്ടുപേരും ചേർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറിൽ യുവാവിന്റെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികൾ കൂടി കാറിൽ കയറി. ഇതിനുപിന്നാലെയാണ് മർദനം ആരംഭിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകിൽ ഇടിച്ചു. തുടർന്ന് കൈകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചു.

കാർ ആലപ്പുഴയിൽ എത്തിയപ്പോൾ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വർണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിൾ വാച്ചും 5500 രൂപയും പ്രതികൾ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിൾപേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് ‘ഇപ്പോഴെങ്കിലും എന്നെ മനസിലായോ’ എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മർദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേർത്താണ് യുവതി മർദിച്ചത്.

എറണാകുളം ബൈപ്പാസിലെ ഒരു വീട്ടിലാണ് പിന്നീട് കാർ എത്തിയത്. ഇവിടെവെച്ച് പ്രതികൾ യുവാവിനെ വീണ്ടും മർദിച്ചു. മൊബൈൽചാർജറിന്റെ ഒരറ്റം നാക്കിൽവെച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറിൽ നിറച്ച് നിർബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയച്ചു. യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലക്ഷ്മിപ്രിയ അടക്കമുള്ളവർ ഈ നഗ്‌നവീഡിയോ ഫോണിൽ പകർത്തി. തുടർന്ന് വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

മണിക്കൂറുകളോളം കാമുകിയുടെയും ക്വട്ടേഷൻസംഘത്തിന്റെയും തടങ്കലിലായിരുന്ന യുവാവിന് നേരേ ക്രൂരമായ ആക്രമണമാണുണ്ടായത്. ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചും നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയും ലക്ഷ്മിപ്രിയ അടക്കമുള്ളവർ യുവാവിനെ ഉപദ്രവിച്ചു. ഇതിനിടെ, യുവാവിനെ വിട്ടയക്കാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ ഏഴാംതീയതിയാണ് പോലീസ് കേസെടുത്തത്. ഇതോടെ ലക്ഷ്മിപ്രിയ അടക്കമുള്ള പ്രതികൾ ഒളിവിൽപോയി. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ അമൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കകം ഒളിവിലായിരുന്ന ലക്ഷ്മിപ്രിയയെയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button