Latest NewsKerala

മദ്യപിച്ച് കഴിഞ്ഞാൽ അഫ്സൽ മറ്റൊരാൾ: മർദ്ദനവും അപമാനവും, എടുക്കാച്ചരക്കെന്ന് പറഞ്ഞ് വീട്ടിൽ കൊണ്ട് വിട്ടു

വർക്കലയിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡിൽ നെബീന മൻസിലിൽ ഇക്ബാൽ- മുംതാസ് ദമ്പതിമാരുടെ മകൾ നബീന (23) യാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കേസിൽ കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയിൽ ദാറുൽ അഫ്‌സൽ വീട്ടിൽ അഫ്‌സലി (33) നെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ പതിനൊന്നാം തീയതി വൈകീട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നബീനയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇവരുടെ പരാതിയിലാണ് അഫ്‌സലിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. അഫ്‌സലിൻ്റെയും മാതാവിൻ്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു.

2019 ഓഗസ്റ്റ് നാലിനാണ് അഫ്‌സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്‌സൽ വിദേശത്തേക്കു തിരിച്ചു പോയി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്‌സലിൻ്റെ മാതാവ് സബീനയുമായി നിരനതരം വഴക്കിട്ടിരുന്നതായാണ് വിവരം. ഇക്കാര്യങ്ങൾ സബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചശേഷം അഫ്‌സൽ നാട്ടിൽ തിരിച്ചെത്തി. അതിനുശേഷമാണ് കാര്യങ്ങൾ പ്രശ്നങ്ങളിലേക്ക് പോയതെന്നും സബീനയുടെ വീട്ടുകാർ പറയുന്നു.

നാട്ടിൽ വന്നതിനു ശേഷം അഫ്സൽ നന്നായി മദ്യപിക്കാൻ തുടങ്ങി. എന്നും മദ്യപിച്ചു വന്ന് അഫ്സൽ സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ മർദിക്കുമായിരുന്നു എന്ന് സബീന വെളിപ്പെടുത്തിയിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു. മാത്രമല്ല അഫ്സൽ സബീനയേയും വീട്ടുകാരേയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വിവരം. `എടുക്കാച്ചരക്കായി നിന്നതിനെയൊക്കെ കെട്ടി വീട്ടിൽക്കയറ്റി´യെന്നുള്ള ആക്ഷേപങ്ങളും സബീന അനുഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യങ്ങളൊക്കെ നബീന കുടുംബത്തെ അറിയിച്ചിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു.

അതിനിടെ കഴിഞ്ഞ 10-ന് രാത്രി അഫ്‌സൽ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും ബന്ധം വേർപെടുത്തുമെന്നും സബീനയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം ഇയാൾ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ സബീന മാനസികമായി തകരുകയായിരുന്നു.

സബീനയെ വീട്ടിൽ കൊണ്ടാക്കിയതിന്റെ പിറ്റേദിവസം വൈകുന്നേരത്തോടെയാണ് യുവതി തൂങ്ങിമരിക്കുന്നത്. നബീനയുടെ കുടുംബത്തിൻ്റെ പരാതിയിൽ അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. അഫ്സലിന്റെ മാതാവിനെതിരെയും കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിൻ്റെ തുടരന്വേഷണം വർക്കല ഡിവൈഎസ്︋പി സിജെ മാർട്ടിൻ്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button