Latest NewsNewsLife StyleHealth & Fitness

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ

ഒത്തിരിയേറെ പേർ ഒൻപതും പത്തും ചിലപ്പോൾ അതിനു മുകളിലും ഉയർന്ന സമ്മർദ്ദത്തിൽ കംപ്യൂട്ടറുകൾക്കു മുൻപിൽ ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ മണിക്കൂറുകളോളം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകൾ പലതാണ്. ഒരേ സീറ്റിൽ ഇരുന്ന് ദിവസം മുഴുവൻ ജോലി ചെയ്യുമ്പോൾ ശരീരം അതിനുള്ള പ്രതിഷേധം കണ്ണ് വേദനയും കൈ വേദനയും നടുവേദനയും പിന്നെ മാറ്റ് അനുബന്ധ അസ്വസ്ഥതകളുമായൊക്കെ പുറത്തേക്ക് കാണിക്കുന്നു. തുടക്കത്തിൽ സാരമില്ല എന്ന് തോന്നുന്ന ഈ അസ്വസ്ഥതകൾ പിന്നീട് നമ്മളെ രോഗികളാക്കി തീർക്കാൻ മാത്രമേ സഹായിക്കു.

പലപ്പോഴും ജോലിസമയത്തിന് ശേഷമായിരിക്കും ഇങ്ങനെയുള്ള ശാരീരികാസ്വസ്ഥതകള്‍ പുറത്തെത്തുക. അതുമല്ലെങ്കിൽ ജോലി സമയം അവസാനിക്കാറാകുമ്പോളേക്കും ആകും. തലവേദന കൂടുന്നു, കടുത്ത നടുവേദന, കണ്ണിൽ ഉറക്കം നിറയുന്നു, ഒരുപാട് ശരീരമനങ്ങി അധ്വാനിക്കുന്നില്ലെങ്കിലും ഭയങ്കരമായ ക്ഷീണം അങ്ങനെ അങ്ങനെ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അസ്വസ്ഥതകൾ ഒരുപാട് ആകും മണിക്കൂറുകളോളം കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരില്‍. തുടക്കം മുതല്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം ചെറിയ ബുദ്ധിമുട്ടുകള്‍ പിന്നീട് മാറ്റാനാകാത്ത വിധത്തില്‍ മാറാരോഗമായി തീരും.

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്നവരില്‍ മുക്കാല്‍ പങ്ക് പേരും അനുഭവിക്കുന്നതാണ് നടുവേദന. ജോലിസമയത്ത് തന്നെ അല്‍പം കരുതലോടു കൂടി ഇരുന്നാൽ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും.

തുടര്‍ച്ചയായി ഒരുപാട് സമയം ഇരിക്കാതെ ഇടക്കിടെ ഓരോ ഇടവേള എടുക്കുകയാണ് ആദ്യം വേണ്ടത്. അതുപോലെ തന്നെ ഇടക്കിടെ നടുവും കഴുത്തും ഇളക്കുക. ഒന്ന് ചെറുതായി എഴുന്നേറ്റു നിൽക്കുകയും നടക്കുകയും ചെയ്യുക. ഒരേ ഇരിപ്പ് ഇരിക്കുന്നത് നടുവിന് മാത്രമല്ല കഴുത്തിനും പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

Read Also : പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു

കൂടാതെ, കംപ്യൂട്ടറിനു മുൻപിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഇരിക്കുന്ന കസേരയുടെ ഉയരവും ഒപ്പം അതിന്റെ ബാക്ക് റെസ്റ്റ് നിങ്ങൾക്ക് തരുന്ന സപ്പോർട്ടും ത്യപ്തികരമാണോ എന്ന് ശ്രദ്ധിക്കുക. കംപ്യൂട്ടര്‍ ടേബിളിന്റെ ഉയരം എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. കാലുകള്‍ എപ്പോഴും തറയിലോ, അല്ലെങ്കില്‍ ഫുട് റെസ്റ്റിലോ വച്ച് തന്നെ ഇരിക്കാന്‍ ശ്രമിക്കണം. ഇടയ്ക്ക് കൈ നീട്ടി വയ്ക്കാന്‍ തക്ക രീതിയില്‍ ടേബിളിന് വിസ്താരമുണ്ടായിരിക്കണം. കാരണം ഇടവേളകളില്‍ കൈകള്‍ നീട്ടി അല്‍പസമയമെങ്കിലും ഇരുന്നില്ലെങ്കില്‍ അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം കാരണമാകും.

കൈ വേദന എപ്പോഴും ടൈപ്പ് ചെയ്യുന്നവര്‍ക്ക് വരാനാണ് കൂടുതല്‍ സാധ്യത. ഇങ്ങനെയുള്ളവര്‍ക്ക് ‘റിസ്റ്റ് പാഡ്’ ഉപയോഗിക്കാവുന്നതാണ്. ടൈപ്പ് ചെയ്യുമ്പോള്‍ കൈപ്പത്തി റെസ്റ്റ് ചെയ്യുന്നയിടത്ത് വയ്ക്കാവുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലെല്ലാം സുലഭമായ ഒന്നാണ് ‘റിസ്റ്റ് പാഡ്’.

തുടര്‍ച്ചയായി സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നവർക്ക് കണ്ണിന് അസ്വസ്ഥതകള്‍ സാധാരണമാണ്. കണ്ണിനുള്ള അസ്വസ്ഥതകൾ തന്നെയാണ് പിന്നീട് തലവേദനയ്ക്കും കാരണമാകുന്നത്. കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനില്‍ നിന്ന് കണ്ണിന് വിശ്രമം നല്‍കുക തന്നെയാണ് ഇതിനു പ്രധാന പരിഹാരം. കൂടാതെ, ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ അൽപനേരം കണ്ണടച്ചിരിക്കുന്നതോ ഒക്കെ നന്നായിരിക്കും. മാത്രമല്ല, ജോലി ചെയ്യുന്ന മുറിയിലെ വെളിച്ചം, സ്‌ക്രീനിന്റെ വെളിച്ചം, പുറത്ത് നിന്നുള്ള വെളിച്ചത്തിന്റെ ക്രമീകരണം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. കംപ്യൂട്ടറിന്റെ സ്ഥാനം ഇടയ്ക്ക് മാറ്റുന്നതും കണ്ണിന് നേരിട്ടേക്കാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിനെല്ലാം പുറമെ കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയമാവുക. കണ്ണിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയോ ലെന്‍സോ മടി കൂടാതെ ഉപയോഗിക്കുക.

ജോലിയേക്കാൾ എന്നും പ്രധാനം ആരോഗ്യം തന്നെയാണ്. നല്ല ആരോഗ്യമുള്ള വ്യക്തിക്ക് മാത്രമേ നന്നായി ജോലി ചെയ്യാൻ സാധിക്കൂ എന്ന് മനസിലാക്കുക. അതുകൊണ്ടു തന്നെ, കൂടുതൽ പ്രാധാന്യം ആരോഗ്യത്തിനു കൊടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button