KeralaLatest News

അന്നകര ബാങ്കിലെ കമ്പ്യൂട്ടർ കേടായി: ഇടപാടുകള്‍ക്ക് രേഖയില്ല, കണക്കുകള്‍ ‘മാഞ്ഞുപോയെന്ന്’ വിശദീകരണം

തൃശ്ശൂര്‍: അനധികൃതനിയമനത്തിലൂടെയും അനുമതിയില്ലാത്ത നിര്‍മാണത്തിലൂടെയും ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ അന്നകര സഹകരണബാങ്ക് മറ്റൊരു പ്രതിസന്ധിയില്‍. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെ 2016 ഫെബ്രുവരി മുതല്‍ 2017 സെപ്റ്റംബര്‍ 30 വരെയുള്ള എല്ലാ കണക്കുകളും നഷ്ടമായെന്നാണ് അധികൃതരുടെ വിശദീകരണം.

കമ്പ്യൂട്ടര്‍ ഉണ്ടെന്ന കാരണത്താല്‍ ഡേ ബുക്ക് പ്രിന്റ് സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ അക്കാലത്തെ ഇടപാടുകളുടെ രേഖകളൊന്നും ബാങ്കിലില്ല. വായ്പയെടുത്തവര്‍ ആരെല്ലാമാണെന്നും എത്ര തുകയാണ് എടുത്തതെന്നും കണ്ടെത്താനുമാകുന്നില്ല. ഇതിനിടെ നിക്ഷേപമുണ്ടെന്നവകാശപ്പെട്ട് എത്തുന്നവരും നിരവധിയാണ്.

2014 ഫെബ്രുവരി 26-ന് ചേര്‍ന്ന ഭരണസമിതി തീരുമാനപ്രകാരമാണ് സീസെയിം സോഫ്റ്റ്വേര്‍ എന്ന കമ്പനിയില്‍നിന്ന് 2,54,059 രൂപ നല്‍കി സോഫ്റ്റ്വേര്‍ സ്ഥാപിച്ചത്. കൃത്യമായ ഡാറ്റാ ബാക്കപ്പ് ഉറപ്പാക്കിയിരുന്നില്ലെന്നതിനു പുറമേ, വാര്‍ഷിക സേവനകരാറും ഉണ്ടായില്ല. കൃത്യമായ ഡാറ്റാ ബാക്കപ്പ് ഇല്ലാത്തതിനാല്‍ 19 മാസത്തെ ഇടപാടുകളും രേഖകളും തിരിച്ചെടുക്കാനാകാത്തവിധം നശിച്ചിട്ടുണ്ട്.

സോഫ്റ്റ്വേര്‍ പുനഃസ്ഥാപിക്കാനോ കണക്കുകള്‍ വീണ്ടെടുക്കാനോ അന്നത്തെ ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സഹകരണവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. കാലങ്ങളായി സി.പി.എം. ഒറ്റയ്ക്ക് ഭരിക്കുന്ന ഈ ബാങ്കിലേക്ക് പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് 31-ന് നടക്കാനിരിക്കുകയാണ്. ഇതിനിടെ കമ്പ്യൂട്ടർ കേട് വന്നതിലും രേഖകൾ മാഞ്ഞു പോയതിലും ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button