KeralaCinemaMollywoodLatest NewsNewsEntertainment

സ്‌കൂൾ പഠനം കഴിഞ്ഞ് മരമില്ലിൽ പണിക്ക് പോയി, മനസ് നിറയെ സിനിമ – നടൻ മാമുക്കോയ വിട വാങ്ങുമ്പോൾ

കോഴിക്കോട്: ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന മാമുക്കോയയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സഹപ്രവർത്തകരും ആരാധകരും. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ശൈലിയിൽ മലയാളികളെ ചിരിപ്പിച്ച ഹാസ്യ രാജാവിന് വിട നൽകുകയാണ് കേരളം.

മലയാളികളെ കുടുകുടാ ചിരിപ്പിച്ച അനേകം വേഷങ്ങൾ ആണ് അദ്ദേഹം ചെയ്തു വെച്ചിരിക്കുന്നത്. മാമുക്കോയയുടെ തമാശകൾ ന്യൂജൻ രീതിയിൽ തഗ്ഗുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന ഈ കാലത്ത്, അദ്ദേഹം ഒരു ഓർമയാകുന്നുവെന്ന് വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ചിരിപ്പിച്ചവരേക്കാൾ പതിൻമടങ്ങ് ആയിരിക്കാം അദ്ദേഹത്തിന്റെ തമാശകളും തഗ്ഗുകളും കണ്ട് പുത്തൻ തലമുറ പൊട്ടിച്ചിരിക്കുന്നത്. ‘ലൈഫ് എന്ന് പറഞ്ഞാൽ പ്ലേ ആൻഡ് എൻ ജോയ് എന്നാ’- നൂറുകണക്കിന് റീൽസാണ് ഈ ഡയലോഗിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത്. അതൊക്കെയും ഇനി മാമുക്കോയ എന്ന നടന്റെ, ഹാസ്യ സാമ്രാട്ടിന്റെ, ചിരിയുടെ സുൽത്താന്റെ ഓർമകളാണ്.

Also Read:ശ്രീകണ്ഠാ പോസ്റ്റർ ഒട്ടിക്കുന്നയാൾ താങ്കളുടെ അനുയായി സെന്തിൽ അല്ലേ?ഉളുപ്പില്ലാതെ ന്യായീകരണം നടത്തുന്നോ?-സന്ദീപ് വാര്യർ

കോഴിക്കോടൻ ഭാഷയും സ്വാഭാവിക നർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. കോഴിക്കോടുള്ള തീരദേശ ഗ്രാമത്തിലായിരുന്നു മാമുക്കോയയുടെ ജനനം. ഹൈസ്കൂൾ പഠനം കഴിഞ്ഞ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. അതായിരുന്നു വരുമാനം. എന്നാൽ, മനസ് നിറയെ നാടകവും സിനിമയുമായിരുന്നു. നാടകം വഴിയാണ് മാമുക്കോയ സിനിമയിൽ എത്തുന്നത്.

1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ അരങ്ങേറ്റം. ചെറിയ വേഷമായിരുന്നെങ്കിലും മാമുക്കോയയ്ക്ക് അത് വലിയ കാര്യമായിരുന്നു. സിനിമയെന്ന മാസ്മരിക ലോകത്തേക്കുള്ള വാതിൽ അദ്ദേഹത്തിന് തുറന്നത് ആ ചിത്രമായിരുന്നു. പിന്നീട് 1982 ൽ സുറുമിയിട്ട കണ്ണുകളിൽ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം. ഈ സിനിമകളോ കഥാപാത്രങ്ങളോ മാമുക്കോയ എന്ന നടനെ എടുത്തുകാട്ടുന്നതായിരുന്നില്ല. മാമുക്കോയ കാത്തിരുന്നു, തന്റെ സമയവും തെളിയുന്നതിനായി. ഒടുവിൽ 4 കൊല്ലം കഴിഞ്ഞ് ആ കാത്തിരുപ്പ് ഫലം കണ്ടു. സിബി മലയിലിന്‍റെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമ. തനി കോഴിക്കോടൻ നാടൻ വർത്തമാനത്തിലൂടെ കൗണ്ടറുകൾ പറയുന്ന മാമുക്കോയ പ്രേക്ഷകരെ കൈയ്യിലെടുത്തു.

പിന്നിട് മാമുക്കോയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യൻ അന്തിക്കാടെന്ന സംവിധായകനും മാമുക്കോയയെ ഇപ്പോഴും കൂടെ ചേർത്തുപിടിച്ചിരുന്നു. നാടോടിക്കാറ്റിലെ ഗഫൂർ മുതൽ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകർക്ക് പരിചിതമായവരായിരിക്കാം. ഹാസ്യം മാത്രമല്ല തനിക്ക് അറിയാവുന്നതെന്നും അദ്ദേഹം തെളിയിച്ചു. പെരുമഴക്കാലത്തെ അബ്ദു എന്ന കഥാപാത്രം മാമുക്കോയയിലെ സ്വഭാവ നടന്റെ ഉദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button