KeralaLatest NewsNews

ചിന്ത ജെറോം സ്ഥാനമൊഴിഞ്ഞു, ഇനി ഷാജറിന്റെ കാലം; ചിന്തയില്ലാത്ത യുവജന കമ്മീഷൻ

തിരുവനന്തപുരം: ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. പകരം ഡിവൈഎഫ്ഐയുടെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റു. ഷാജറിന് ആശംസകൾ നേർന്ന് ചിന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

‘എസ്എഫ്ഐ കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ചവർ. പ്രിയപ്പെട്ട ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു. ഏറെ സന്തോഷം. എല്ലാവിധ ആശംസകളും. ആഭിവാദ്യങ്ങൾ’, ചിന്ത ജെറോം ഫേസ്‌ബുക്കിൽ കുറിച്ചു. ഷാജാറിനൊപ്പമുള്ള ചിത്രങ്ങളും ചിന്ത പങ്കുവെച്ചു.

എം ഷാജറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി. ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സർക്കാരിന്റെ അവസാനകാലത്ത് ചിന്തയ്ക്ക് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂർത്തിയായി.

പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയുള്ളതുകൊണ്ടാണ് ചിന്ത ഫെബ്രുവരിക്കു ശേഷം സ്ഥാനത്ത് തുടർന്നത്. യുവജന കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് ഇരിക്കുമ്പോൾ നിരവധി വിവാദങ്ങളിൽ ചിന്ത അകപ്പെട്ടിരുന്നു. പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെ വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button