KeralaLatest NewsIndia

ഇടുക്കിയിലെ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൈൽ ചില്ലറക്കാരനല്ല, ബംഗ്ലാദേശ് ബന്ധം കണ്ട് അമ്പരന്ന് പോലീസ്

തൊടുപുഴ: ബം​ഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് രക്ഷപ്പെടുത്തിയത് മിന്നൽ നീക്കങ്ങളിലൂടെ. പെൺകുട്ടി പോയത് ബംഗാൾ സ്വദേശിയോടൊപ്പമാണെന്ന് ബോധ്യമായതോടെ അതിവേഗത്തിലായിരുന്നു പൊലീസ് നീക്കങ്ങൾ. അത് വിജയം കാണുകയും ചെയ്തു. പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സുഹൈലി(23)നെയും പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്വദേശത്ത് ഭാര്യയും മക്കളുമുള്ള സുഹൈൽ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നതും പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുന്നതും. ഏപ്രിൽ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ തൊടുപുഴ എസ്‌ഐ. അജയകുമാറും സംഘവും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ വീട്ടിൽതന്നെ ഉപേക്ഷിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഇതോടെ അന്വേഷണം മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടി. എന്നാൽ മൊബൈൽ പരിശോധിച്ച പൊലീസിന് പെൺകുട്ടി ആരോടാണ് സംസാരിച്ചിരുന്നതെന്ന് ബോധ്യമായി. പതിവായി സംസാരിച്ച നമ്പർ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പൊലീസിന്റെ ശ്രമം. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സുഹൈലിന്റെ നമ്പറാണിതെന്ന് വ്യക്തമായി.

23-ാം തീയതി പുലർച്ചെയോടെ പെരുമ്പാവൂരിൽവെച്ച് നമ്പർ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. ഇതോടെ സുഹൈൽ താമസിച്ചിരുന്ന സ്ഥലത്തെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇയാൾക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു. ഇവരിൽനിന്ന് ഇയാൾ എങ്ങോട്ടാണ് പോയതെന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ പ്രതിയുടെ നാട്ടിൽ പോയി അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

എസ്‌ഐ. ജി.അജയകുമാർ, എഎസ്ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് സുഹൈലിനെയും പെൺകുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയിൽനിന്ന് വിമാനം കയറിയ പൊലീസ് സംഘം കൊൽക്കത്തയിലെത്തി. അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂർഷിദാബാദിലെ ഡോങ്കോളിലും. തുടർന്ന് ഡോങ്കോൾ പൊലീസിന്റെ സഹായംതേടി.

നേരത്തെ ശേഖരിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഉൾനാടൻ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുഹൈലിന്റെ ഒരു ബന്ധുവീട്ടിൽനിന്നാണ് പൊലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു.

തൊടുപുഴയിൽനിന്ന് പെൺകുട്ടിയുമായി കടന്നുകളഞ്ഞ പ്രതി ട്രെയിൻ മാർഗമാണ് മൂർഷിദാബാദിലെ വീട്ടിലെത്തിയത്. പ്രതിയും പെൺകുട്ടിയും മൂർഷിദബാദിൽ ട്രെയിനിറങ്ങിയ അതേസമയത്തുകൊച്ചിയിൽനിന്ന് യാത്രതിരിച്ച പൊലീസ് സംഘം കൊൽക്കത്തയിൽ എത്തിയിരുന്നു. വിമാനമാർഗം അതിവേഗം പൊലീസ് സംഘം മൂർഷിദാബാദിൽ എത്തുമെന്ന് പ്രതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പ്രതിയും പെൺകുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ പൊലീസ് സംഘത്തിനും അവിടെ എത്താൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുമായി ബംഗാളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ അവിടെയെത്തി അന്വേഷണം നടത്താൻ പൊലീസ് സംഘം തീരുമാനിച്ചത്. ബംഗാളിലെ ഡോങ്കോൾ പൊലീസും അന്വേഷണത്തിൽ സഹായിച്ചു. പ്രാദേശികമായ സഹായമില്ലാതെ ഒരിക്കലും ഉൾനാടൻ ഗ്രാമങ്ങളിൽ പോയി അന്വേഷണം നടത്താൻ പൊലീസ് സംഘത്തിന് കഴിയുമായിരുന്നില്ല. എന്നാൽ ഡോങ്കോൾ പൊലീസ് ഇതിനുവേണ്ട എല്ലാസഹായവും നൽകിയതോടെ മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെൺകുട്ടിയെ വശീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബംഗാളിൽ ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വേർപിരിഞ്ഞായിരുന്നു താമസം. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചത്. തൊടുപുഴയിൽ പെൺകുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവച്ചാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. മൊബൈൽഫോൺ വഴിയും ബന്ധം തുടർന്നു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. അന്വേഷണസംഘം എത്താൻ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയുമായി പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സുഹൈലിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ബംഗ്ലാദേശിലാക്കാണ്. അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക് ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയാൽ വെള്ളിയാഴ്ച ദിവസം ബംഗ്ലാദേശിൽ പോയിവരാൻ അനുമതിയുണ്ട്. ഈ മാർഗം ഉപയോഗപ്പെടുത്തി പെൺകുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ ഇത്രയുംവേഗം പൊലീസ് സംഘം പെൺകുട്ടിയെ തിരഞ്ഞ് ഗ്രാമത്തിൽ എത്തുമെന്ന് ഇയാൾ ഒരിക്കലും കരുതിയിരുന്നില്ല.

ഇടുക്കി എസ്‌പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്‌പി. എം.ആർ.മധുബാബു എന്നിവരുടെ മേൽനോട്ടത്തിൽ എസ്‌ഐ. ജി.അജയകുമാർ, എഎസ്ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെ മോചിപ്പിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. പൊലീസിന്റെ സൈബർസെൽ വിഭാഗവും അന്വേഷണത്തിൽ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button