WayanadLatest NewsKeralaNattuvarthaNews

ഡോക്ടറെന്ന വ്യാജേന സ്ത്രീകൾക്ക് വിവാഹവാ​ഗ്ദാനം നൽകി പണവും സ്വര്‍ണവും തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് ആണ് അറസ്റ്റിലായത്

കല്‍പ്പറ്റ: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്ത നാല്‍പ്പതിയഞ്ചുകാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കവേ ആണ് ഇയാളെ പൊലീസ് പൊക്കിയത്.

താന്‍ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ പക്കല്‍ നിന്നും പൈസയും സ്വര്‍ണവും കൈക്കലാക്കുകയുമായിരുന്നു ഇയാളുടെ രീതി. അപ്പോളോ, അമൃത തുടങ്ങിയ ആശുപത്രികളില്‍ ഡോക്ടര്‍ ആണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കും: കോൺഗ്രസ് എം.എൽ.എ കനീസ് ഫാത്തിമ

വയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമധാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീ പീഡനക്കേസില്‍ ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും സ്വർണവും തട്ടിയത്. ഇയാളുടെ കയ്യില്‍ നിന്നും 30,000 രൂപയും 5 മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും, രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണ മാലയും, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പ്, കോട്ട് എന്നിവയും പൊലീസ് പിടിച്ചെടുത്തു.

കല്‍പ്പറ്റ എസ് ഐ ബിജു ആന്റണി, പൊലീസ് ഓഫീസര്‍മാരായ നൗഫല്‍ സി കെ, വിപിന്‍ കെ.കെ. അനില്‍കുമാര്‍, ലിന്‍രാജ്, ലതീഷ് കുമാര്‍, സൈറ ബാനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button