Latest NewsIndia

ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന് കോടതി: പൊതുസ്ഥലത്ത് വെച്ച് ഇടപാട് നടത്തിയാൽ കുറ്റകരമാണെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പൊതുസ്ഥലത്തായാൽ കുറ്റകരമാണെന്നും കോടതി. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽറ്റർ ഹോമിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന 34 കാരിയെ മോചിപ്പിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുൻകാല പ്രവർത്തികളെ വിലയിരുത്തി ലൈംഗികത്തൊഴിലാളികളെ തടവറയിലടയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വനിതാ ലൈംഗികത്തൊഴിലാളിയെ ഷെൽറ്റർ ഹോമിൽ ഒരു വർഷം തടവിൽ പാർപ്പിക്കാനായിരുന്നു മസ്‌ഗോൺ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ലൈംഗികത്തൊഴിലാളിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്ത് ആയിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹർജി.

ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയല്ല തടവിൽ കഴിയുന്ന യുവതി ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായ സ്ത്രീ ആയതിനാൽ തന്നെ മറ്റ് ഏതൊരു ഇന്ത്യൻ പൗരനെ പോലെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം യുവതിക്കുമുണ്ട്. യുവതി പൊതുസ്ഥലത്തുവച്ച് മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടു എന്ന പരാതിയില്ല. അതിനാൽ തന്നെ മുൻകാല പ്രവൃത്തികളുടെ പേരിൽ തടങ്കലിൽ പാർപ്പിക്കാൻ കഴിയില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി വിധിച്ചു. തടങ്കലിൽ കഴിയുന്ന യുവതിയെ ഉടൻ മോചിപ്പിക്കാനും സെഷൻസ് കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments


Back to top button