Latest NewsKeralaIndia

കാസർഗോഡ് വൻ സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്‌ഫോടക ശേഖരം

കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.

കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കാറുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. എന്നാല്‍ ഇത് കര്‍ണാടകയിലെ ക്വാറികള്‍ക്കാണ് നല്‍കുന്നതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. അതേസമയം കര്‍ണാടകയില്‍ കൊടുക്കുന്നതാണെങ്കില്‍ ഇയാള്‍ എന്തിനാണ് സ്‌ഫോടക വസ്തുക്കള്‍ കാസര്‍കോടേക്ക് കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഉത്തരം ലഭിച്ചിട്ടില്ല.

വീട്ടിലും, കാറിലുമായിട്ടാണ് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധന നടത്തിയപ്പോഴാണ് മുസ്തഫയുടെ കാറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത്.തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്.13 പെട്ടികളിലാക്കിയിട്ടായിരുന്നു ഈ ഡെറ്റണേറ്ററുകള്‍ വെച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ അടക്കം ആദൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരാണ് കേസ് അന്വേഷിക്കുന്നത്.

കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയായ മുസ്തഫ അറസ്റ്റിലാവും മുമ്പ് ശുചിമുറിയില്‍ പോകണമെന്ന് പറയുകയും, തുടര്‍ന്ന് വാതില്‍ അടച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് വ്യക്തമാകുന്നത്. കൈഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. മുസ്തഫയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button