കൊടുങ്ങല്ലൂർ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. എറണാകുളം അത്താണി തിരുവിലാംകുന്നിൽ വാടകക്ക് താമസിക്കുന്ന വാടാനപ്പള്ളി തൃത്തല്ലൂർ രായമരക്കാർ വീട്ടിൽ സജീർ (40) ആണ് അറസ്റ്റിലായത്. ചന്തപ്പുരയിലെ മൈനാകം ജനറൽ ഫിനാൻസിൽ 22.1 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 90,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം തടവും പിഴയും
കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മൈനാകം ജനറൽ ഫിനാൻസിന്റെ ബ്രാഞ്ച് മാനേജർ സനലിന്റെ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഈരാറ്റുപേട്ട കൊട്ടിയിൽ ഫിറോസ് (40) ഒളിവിലാണ്. ഇയാൾ കോട്ടയം ജില്ലയിൽ കാപ്പ പ്രകാരം നടപടി നേരിട്ടയാളാണ്. അറസ്റ്റിലായ സജീർ ഞാറക്കൽ, കടവന്ത്ര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമാന രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ രവികുമാർ, സി.പി.ഒമാരായ രാജൻ, പി.ജി. ഗോപകുമാർ, ബിനു ആന്റണി, ഫൈസൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments