KeralaLatest NewsNews

അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിനെത്തിയ വെള്ള സ്വിഫ്റ്റ് കാറിനെ കുറിച്ച് അന്വേഷണം

കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ഉള്ളിലുള്ള വ്യക്തിയെ കണ്ടില്ലെന്ന് പൊലീസ്

പാലക്കാട്: അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം കിട്ടിയത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

Read Also; കാർഷിക മേഖലയ്ക്ക് സഹായഹസ്തവുമായി ആമസോൺ ഇന്ത്യ, പുതിയ പദ്ധതിക്ക് ഉടൻ തുടക്കമിടും

ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന്‍ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജില്‍ ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിന്‍സിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

അതേസമയം വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കാസര്‍കോട് കോളജില്‍ ജോലി ചെയ്യുകയും അട്ടപ്പാടി കോളജില്‍ ജോലിക്ക് ശ്രമിക്കുകയും ചെയ്ത കെ വിദ്യ എവിടെയെന്ന് അറിയില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പൊലീസ്. മഹാരാജാസ് കോളേജില്‍ മുന്‍പ് ചെയ്ത പ്രൊജക്ടിന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്നുള്ള ഒപ്പും സീലും വ്യാജ സര്‍ട്ടിഫിക്കറ്റിന് ഉപയോഗിച്ചുവെന്നാണ് നിഗമനം. ഒളിവിലിരുന്ന് വിദ്യ അഭിഭാഷകരെയും സുഹൃത്തുക്കളെയും ഒക്കെ നിരന്തരം ബന്ധപ്പെടുമ്പോഴാണ് വിദ്യയെ കണ്ടെത്താനാകുന്നില്ലെന്ന പൊലീസിന്റെ ഒളിച്ചുകളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button