KeralaLatest NewsNews

ഡെങ്കി-എലിപ്പനി പ്രതിരോധ മരുന്നുകള്‍ വീടുകളില്‍ കരുതിയിരിക്കുക

മഴ കനത്തതിന് പിന്നാലെ കേരളത്തില്‍ ഡെങ്കിപ്പനി- എലിപ്പനി കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാനാകുന്നത്. ഇത് കൂടാതെ പകര്‍ച്ചപ്പനി ബാധിച്ചും ധാരാളം ആളുകള്‍ ആശുപത്രിയിലെത്തുകയാണ്. വലിയ തോതില്‍ ആശങ്ക ജനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം.

Read Also: ടെക്നോ camon 20 പ്രീമിയർ 5ജി ഹാൻഡ്സെറ്റ് ജൂലൈ 7ന് വിപണിയിൽ എത്തും, സവിശേഷതകൾ അറിയാം

രോഗം പടരാതിരിക്കാനും, രോഗബാധയുണ്ടാകാതിരിക്കാനുമുള്ള മുന്‍കൂര്‍ കരുതല്‍ തന്നെയാണ് നമുക്ക് ആകെ എടുക്കാന്‍ സാധിക്കുക. ഇതിന് നാം താമസിക്കുന്നതോ, സമയം ചെലവിടുന്നതോ ആയ പരിസരങ്ങളില്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ഒപ്പം തന്നെ നാം നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളുമുണ്ട്. ഇവയാണ് ഇനി വിശദമാക്കുന്നത്.

ഡെങ്കിപ്പനി…

കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി ബാധയുണ്ടാകുന്നതെന്ന് ഏവര്‍ക്കുമറിയാമല്ലോ. കൊതുകുജന്യ രോഗങ്ങളെ തടയാന്‍ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ മഴ കനക്കുന്നതോടെ ഇതിനുള്ള സാഹചര്യം ഇല്ലാതാകുന്നു.

കൊതുകുകടിയേല്‍ക്കാതെ കഴിക്കുകയാണ് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. കൊതുകുശല്യമുള്ള വീടുകളോ കെട്ടിടങ്ങളോ ആണെങ്കില്‍ കൊതുകിനെ തുരത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിങ്ങളും അവലംബിച്ചിരിക്കണം. ഇന്ന് മാര്‍ക്കറ്റില്‍ അതിന് തക്ക ഉത്പന്നങ്ങള്‍ പലതും ലഭ്യമാണ്.

കൂട്ടത്തില്‍ വീട്ടിലെ ജനാലകള്‍ക്കോ വാതിലുകള്‍ക്കോ നെറ്റ് അടിക്കാന്‍ സാധിക്കുമെങ്കില്‍ അത് വളരെ നല്ലതാണ്. ഡെങ്കു വൈറസ് കൊതുകിലൂടെ ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല.

ഇനി രോഗബാധയുണ്ടായാല്‍, ലക്ഷണങ്ങള്‍ മനസിലാക്കി, ആദ്യമേ ചികിത്സ തേടുകയാണ് അടുത്ത ഘട്ടം. ഡെങ്കിപ്പനി രണ്ട് രീതിയില്‍ വരാം. ഒന്ന് നിസാരമായി വന്നുപോകാം. രണ്ട്- സങ്കീര്‍ണമാകാം. ചിലരില്‍ നേരിയ രീതിയില്‍ വന്ന് പിന്നീട് രോഗം സങ്കീര്‍ണമാകാം. ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയില്ലാത്തതിനാല്‍ ഇതിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ആണ് ചികിത്സയെടുക്കുന്നത്. എന്തായാലും രോഗിയില്‍ കാണുന്ന ലക്ഷണങ്ങളും മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.

അസഹനീയമായ തളര്‍ച്ച, പനി, കണ്ണ് വേദന, ശരീരവേദന, തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി കാണാവുന്നതാണ്. ഗുരുതരമാകുന്ന സാഹചര്യത്തില്‍ വയറുവേദന, കഠിനമായ ഛര്‍ദ്ദി (രണ്ടിലധികം തവണ), മൂക്കില്‍ നിന്നോ വായില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, തളര്‍ച്ച താങ്ങാനാകാതെ വീണുപോകുന്ന അവസ്ഥ എന്നിവയെല്ലാം ലക്ഷണങ്ങളായി കാണാം. ഈ അവസ്ഥയില്‍ അതിവേഗം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ് വേണ്ടത്.

എലിപ്പനി…

ഡെങ്കിപ്പനിയോളം തന്നെ ഭീഷണിയായി വന്നിരിക്കുകയാണ് നിലവില്‍ എലിപ്പനിയും. ഡെങ്കിപ്പനിയെക്കാള്‍ മരണനിരക്ക് കൂടുതലുള്ളത് എലിപ്പനിയിലാണ്. വേണ്ട സമയത്ത് ചികിത്സയെടുക്കാത്തത് മൂലമാണ് പലപ്പോഴും രോഗി മരണത്തിന് കീഴടങ്ങുന്ന അവസ്ഥയുണ്ടാകുന്നത്. അതിനാല്‍ നിര്‍ബന്ധമായും നിങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്.

മലിനജലത്തിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്തിയാണ് അധികവും എലിപ്പനിയുണ്ടാകുന്നത്. അതിനാല്‍ തന്നെ ഈ മഴക്കാലത്ത് വെള്ളക്കെട്ടുകളില്‍ ഇറങ്ങിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിക്കണം. എലിപ്പനിയെ പ്രതിരോധിക്കുന്ന ഡോക്‌സിസൈക്ലിന്‍ എന്ന മരുന്ന് നിങ്ങള്‍ വാങ്ങി സൂക്ഷിക്കണം. വെള്ളക്കെട്ടിലിറങ്ങിയാല്‍ രോഗബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധമെന്ന നിലയില്‍ ഈ മരുന്ന് കഴിക്കാവുന്നതാണ്. ഡോക്‌സിസൈക്ലിന്‍ 200 mg ആഴ്ചയിലൊന്ന് കഴിച്ചാല്‍ തന്നെ പ്രതിരോധം സാധ്യമാണ്. എന്നാല്‍ പൂജ്യം സാധ്യത എന്നൊന്ന് ഇക്കാര്യത്തിലും ഇല്ല. അതായത്, മരുന്ന് കഴിച്ചാലും രോഗം പിടിപെടില്ല എന്നത് 100 ശതമാനം ഉറപ്പിക്കുക സാധ്യമല്ല. എങ്കിലും ഏറ്റവും ഫലപ്രദമായ പ്രതിരോധം തന്നെയാണ് ഡോക്‌സിസൈക്ലിന്‍.

ഇനി രോഗബാധയുണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത് വളരെ പെട്ടെന്ന് മനസിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടലാണ് അടുത്ത ഘട്ടം.

പനിക്ക് പുറമെ ഛര്‍ദ്ദി, തലവേദന, ശരീരത്തില്‍ നീര്, തൊലിപ്പുറത്ത് മുഖക്കുരു പോലെ ചെറിയ കുരുക്കള്‍, അസഹനീയമായ ക്ഷീണം എന്നിവയെല്ലാം എലിപ്പനിയില്‍ ലക്ഷണമായി വരാം.

എന്തായാലും നിലവിലെ സാഹചര്യത്തില്‍ പനി, തലവേദന, ക്ഷീണം, ഛര്‍ദ്ദി, ശരീരവേദന പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി ഡെങ്കു- എലിപ്പനി പരിശോധനകളെല്ലാം നടത്തി ഒന്നുറപ്പ് വരുത്തുന്നതാണ് ഏറ്റവും ഉചിതം. ഭയപ്പെടാതെ കരുതലോടെ മുന്നോട്ട് നീങ്ങാന്‍ തയ്യാറായാല്‍ മാത്രം മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button