KeralaLatest News

വീടുവയ്ക്കാനെടുത്ത വായ്പ കടക്കെണിയിലാക്കി: മക്കൾക്കും ഭാര്യക്കും അന്നുരാത്രി നൽകിയത് സയനൈഡ് പുരട്ടിയ ​ഗുളിക

കോവളം: കഴിഞ്ഞ ദിവസവും രാത്രിയിൽ അച്ഛൻ ബി കോംപ്ലക്‌സ് ​ഗുളിക നൽകുമ്പോൾ അഭിരാമി അറിഞ്ഞിരുന്നില്ല അതിൽ തന്റെ ജീവനെടുക്കാനുള്ള സയനൈഡ് പുരട്ടിയിട്ടുണ്ടെന്ന്… വീടുവെച്ച കടംപെരുകിയപ്പോൾ ആരെയും ഈ ലോകത്ത് തനിച്ചാക്കാതെ ഒന്നിച്ച് പോകാനായിരുന്നു വെങ്ങാനൂർ പുല്ലാനിമുക്ക് സത്യൻ മെമ്മോറിയൽ റോഡ് ശിവബിന്ദുവിൽ ശിവരാജൻ(56) തീരുമാനിച്ചിരുന്നത്. ഭാര്യക്കും മകൾക്കും മകനും സയനൈഡ് പുരട്ടിയ ​ഗുളിക നൽകുകയായിരുന്നു. ശിരാമനും മകൾ അഭിരാമിയും ഇന്നലെ മരിച്ചു.

ശിവരാജന്റെ ഭാര്യ ബിന്ദു(50), മകൻ അർജുൻ(19) എന്നിവർ ​തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അർജുന്റെ നില ഇന്നലെ ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല. സ്വർണപ്പണിക്കാരനായിരുന്നു ശിവരാജൻ. ഭാര്യ ബിന്ദു വിഴിഞ്ഞം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ്. പുളിങ്കുടിയിൽ കട വാടകയ്‌ക്കെടുത്ത് സ്വർണാഭരണങ്ങൾ പണിതുനൽകിയാണ് ശിവരാജൻ കുടുംബം പുലർത്തിയിരുന്നത്.

പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളിൽനിന്നും വെങ്ങാനൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളിൽനിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതൽ കടത്തിലാക്കി.

ഒടുവിൽ കെ.എസ്.എഫ്.ഇയും ബാങ്കും നോട്ടീസ് അയച്ചപ്പോൾ വീട് വിൽക്കാൻ തീരുമാനിച്ചു. പക്ഷേ, ആ തുകയിൽ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജൻ ഭാര്യക്കും മക്കൾക്കും വിഷംനൽകി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ ബി കോംപ്ലക്‌സ് എന്ന പേരിൽ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നൽകിയ ഗുളികയിൽ സയനൈഡ് കലർത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലർച്ചെ മൂന്നോടെ ഛർദിച്ചവശനായ മകൻ അർജുൻ, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടർന്ന് കല്ലുവെട്ടാൻകുഴിയിൽ താമസിക്കുന്ന ഇളയച്ഛൻ സതീഷിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ആംബുലൻസിലെ നഴ്സ് പരിശോധിച്ചപ്പോൾത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരം നൽകി. അവശനിലയിലായ ബിന്ദുവിനും മകൻ അർജുനും ആംബുലൻസ് ജീവനക്കാർ അടിയന്തരചികിത്സ നൽകി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മരിച്ചവരുടെയുള്ളിൽ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അർജുൻ ഗുളികകൾ ഛർദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂർത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവർഷ ബിരുദവിദ്യാർഥിയാണ് അർജുൻ.

വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹർഷകുമാർ, ജി.വിനോദ്, സീനിയർ സി.പി.ഒ. വിനിത കുമാരി എന്നിവർ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം കല്ലുവെട്ടാൻകുഴിയിലെ സമുദായ ശ്മശാനത്തിൽ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button