Latest NewsNewsDevotional

വീട്ടിൽ ഐശ്വര്യവും ധാന്യവും നിറയ്‌ക്കാൻ നിറപുത്തരി

വീട്ടിൽ ഐശ്വര്യവും അറയിലും പത്താഴത്തിലും ധാന്യവും നിറയ്‌ക്കുന്ന ചടങ്ങാണ് നിറപുത്തരി. കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്‌ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്താഴവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ക്ഷേത്രങ്ങളിലും പതിവുണ്ട്.

മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കർക്കടകത്തിന്റെ രണ്ടാം പകുതിയിലും ചിലയിടങ്ങളിൽ ചിങ്ങത്തിലും നടത്തുക പതിവുണ്ട്. കൊയ്‌തെടുത്ത നെൽക്കറ്റ ഗൃഹത്തിന്റെ വാസ്‌തുവിനു പുറത്തു കൊണ്ടുവന്നു വയ്‌ക്കും. വീട്ടിലെ മുറികളെല്ലാം അരിമാവു കൊണ്ട് അണിഞ്ഞിരിക്കും. തുടർന്നു ഭഗവതി പൂജ. പൂജാമധ്യത്തിൽ കറ്റകൾ വീട്ടിലേക്ക് എഴുന്നള്ളിച്ചു പൂജിക്കും. ദേവിക്കു സമർപ്പിച്ച നിവേദ്യവും കറ്റയിൽ നി ന്നുള്ള ഓരോ നെൽക്കതിരും ഓരോ മുറിയിലും അരിമാവണിഞ്ഞ സ്‌ഥലത്ത് ഇലയിൽ വയ്‌ക്കും.

കാഞ്ഞിരത്തിന്റെ ഇലയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. കണ്ണട എന്നു പറയുന്ന ചെറിയ അടയാണു സാധാരണ നിറപുത്തരിക്കു നിവേദ്യമായി തയാറാക്കാ റുള്ളത്. ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും. ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണമെന്നാണു വിധി. ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണു വീട്ടിലേക്ക് എഴുന്നള്ളിക്കുന്നത്. അതുകൊണ്ടുതന്നെ കാർഷികവൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണിത്.

കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലംനിറ. പാടത്തു വിളഞ്ഞ പുന്നെല്ലിനെ വീട്ടിലേക്കു വരവേൽക്കുന്നതാണ് ഇല്ലംനിറ അനുഷ്ഠാനം. നെൽകൃഷിയുള്ള വീടുകളിൽ ഈ ദിവസം ഉമ്മറത്തു നെൽക്കതിർ കെട്ടും. കാലം മാറിയതോടെ ഈ അനുഷ്ഠാനം ക്ഷേത്രങ്ങളിലേക്കു ചുരുങ്ങി.

shortlink

Post Your Comments


Back to top button