KeralaLatest NewsNews

ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എന്താണ് തടസ്സം? പണമാണോ? 65 ലക്ഷം പേർക്ക് മുടങ്ങാതെ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ: കുറിപ്പ്

അന്യസംസ്ഥാന തൊഴിലാളി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ചാന്ദ്നിയെന്ന കുഞ്ഞിന്റെ അവസ്ഥ സംസ്ഥാനത്തെ ഞെട്ടിക്കുന്നതാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന കാര്യത്തിൽ കേരളം കടുത്ത അലംഭാവമാണ് പുലർത്തുന്നത് എന്ന് ഷാഹിന കെ കെ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു പിന്തുണ സംവിധാനവും ഇല്ലെന്ന് കുറിപ്പിൽ പറയുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന കാര്യത്തിൽ കേരളം കടുത്ത അലംഭാവമാണ് പുലർത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു പിന്തുണ സംവിധാനവും ഇല്ല. അവർക്കായി ക്രഷേകൾ നടത്തും എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായോ പര്യാപ്തമായോ നടക്കുന്നില്ല.
നമ്മുടെ അംഗൻവാടികളും അവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ അല്ല പ്രവർത്തിക്കുന്നത്. അംഗൻവാടികളുടെ സമയക്രമം അനുസരിച്ച് കുട്ടികളെ കൊണ്ട് വിടാനും തിരിച്ച് കൊണ്ട് പോകാനും കഴിയുന്ന തരത്തിൽ അല്ല മാതാപിതാക്കളുടെ ജോലി. കുഞ്ഞുങ്ങളെ ഒറ്റക്കാക്കി പോകാനും കഴിയാത്തതിനാൽ പലരും ജോലി സ്ഥലത്തേക്ക് കൊണ്ട് പോകുകയാണ് ചെയ്യുന്നത്. ഇതും വലിയ അപകടം വിളിച്ച് വരുത്താൻ സാധ്യത ഉള്ള ഒരു കാര്യമാണ് . യന്ത്രങ്ങളുടെയും ഭാരവാഹനങ്ങളുടെയും സാമീപ്യം അപകടം ക്ഷണിച്ചു വരുത്തും. ഈയിടെയാണ് പെരുമ്പാവൂരിൽ അങ്ങനെയൊരു കുട്ടി മരിച്ചത്. അതിന് പുറമെ ഫാക്ടറി മാലിന്യങ്ങളിലേക്കുള്ള exposure കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കും.
ഉയർന്ന കൂലി ലഭിക്കുന്നു എന്ന ഒരൊറ്റ കാരണത്താലാണ് അവർ ഇവിടെ വന്ന് ജോലി ചെയ്യുന്നത്. പുരുഷന്മാർക്ക് മാത്രമാണ് ഉയർന്ന കൂലി എന്നത് അടിവരയിട്ട് പറയണം. കേരളം ഉയർന്ന കൂലി കൊടുക്കുന്നു എന്നൊക്കെ അഭിമാനിക്കുന്ന നമ്മൾ അവരുടെ സുരക്ഷക്കും അന്തസ്സിനുമൊന്നും പത്ത് പൈസയുടെ വില കൽപ്പിക്കുന്നില്ല.
കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആയ സ്ത്രീകളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ജീവിതം ഒട്ടും മെച്ചമല്ല തന്നെ. അവരെ കുറിച്ച് എഴുതുന്നതിന് വേണ്ടി ഈയിടെ കുറേ പേരെ കണ്ടിരുന്നു. മുന്നൂറ് രൂപയൊക്കെയാണ് പലപ്പോഴും സ്ത്രീകൾക്ക് കിട്ടുന്ന കൂലി. എന്നിട്ടും മക്കളെയും കൊണ്ട് അവർ ജോലിക്ക് പോകുന്നു. സ്വന്തം നാട്ടിൽ കുറച്ച് കൃഷിഭൂമി വാങ്ങാനോ ഒരു വീട് വെക്കാനോ വേണ്ടിയാണ് പലരും അന്തസ്സ് കെട്ട ഈ ജീവിതം തിരഞ്ഞെടുക്കുന്നത്.
ആ കുഞ്ഞ് പോയി. വെറും അഞ്ചര വയസ്സ്. അവളുടെ പടം കാണുമ്പോൾ അടിവയറ് നോവുന്നൂ.
ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ, അവർക്ക് കാര്യക്ഷമമായ വിദ്യാഭ്യാസം കൊടുക്കാൻ എന്താണ് നമ്മുടെ മുന്നിലുള്ള തടസ്സം? പണമാണോ? കേരളത്തിൽ ആശുപത്രികൾ നവീകരിക്കുന്നുണ്ടല്ലോ,അടിസ്ഥാന സൗകര്യ വികസനം നടത്തുന്നുണ്ടല്ലോ? 65 ലക്ഷം പേർക്ക് മുടങ്ങാതെ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ? എവിടുന്നാണ് പണം? അപ്പൊൾ പ്രശ്നം പണമല്ല. മുൻഗണനയാണ്. മുൻഗണന മാത്രം.
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന് നമ്മൾ എത്രയാണ് വിലയിടുന്നത്? അടുത്ത തലമുറക്ക് വേണ്ടി നടത്തുന്ന ഇൻവെസ്റ്റ്മെൻ്റിനെ നമ്മൾ ഏത് ബാലൻസ് ഷീറ്റിലാണ് ഉൾക്കൊള്ളിക്കുന്നത്?
അതോ ‘ അവരുടെ ‘ മക്കളെ നോൺ പർഫോമിങ് അസറ്റ് ‘ ആയാണോ നമ്മൾ കണക്കാക്കുന്നത്?
ആ കുഞ്ഞിനെയോർത്തുള്ള വിങ്ങലുകളേ യുള്ളൂ ഇന്ന് ഫേസ് ബുക്കിൽ എങ്ങും. അതെല്ലാം നൂറ് ശതമാനം ആത്മാർത്ഥവുമാണ്. കാരണം we all know that smaller coffins are heavier. പക്ഷേ ഈ വൈകാരികതക്ക് അപ്പുറം ഒരു കുഞ്ഞ് കൂടി ഇങ്ങനെ കൊല്ലപ്പെടാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനകളാണ് ഉണ്ടാകേണ്ടത്. ഇതര സംസ്ഥാന തൊഴിലാളി. അത്ര മതി. അതിഥി തൊഴിലാളി എന്ന പ്രയോഗത്തിൻ്റെ ആലഭാരം ഒന്നും താങ്ങാൻ ആ കുഞ്ഞിൻ്റെ അച്ഛനും അമ്മക്കും ഇപ്പൊൾ കഴിഞ്ഞെന്ന് വരില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button