Latest NewsNewsIndia

ഹരിയാനയിലെ വർഗീയ സംഘർഷം വലിയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി; അഞ്ച് മരണം, 70 പേർക്ക് പരിക്ക്

നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയിലേക്ക് ഒരു കൂട്ടം ആളുകൾ കല്ലെറിയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പോലീസുകാർ ഉൾപ്പെടെ 70 പേർക്ക് പരിക്കേറ്റു. സംഘർഷത്തെത്തുടർന്ന് ഹരിയാനയിൽ അതിജാഗ്രത. വലിയതോതിൽ പോലീസ് സന്നാഹത്തിനുപുറമേ കേന്ദ്രസേനയും സുരക്ഷയ്ക്കായി രംഗത്തെത്തി. ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി പോലീസും ഭരണകൂടവും ഇരു സമുദായങ്ങളിലെയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറഞ്ഞു.

വർഗീയ കലാപവുമായി ബന്ധപ്പെട്ട് പോലീസ് 40 ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും 80 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നൂഹ്, ഗുരുഗ്രാം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ അവധി നൽകി. ചൊവ്വാഴ്ചയും ബദ്ഷാഹ്പുരിൽ ആൾക്കൂട്ടം പതിനഞ്ചോളം കടകൾ ആക്രമിച്ചു. ഗുരുഗ്രാം സെക്ടർ 66-ലും ആൾക്കൂട്ടം ചില കടകൾക്ക്‌ തീയിട്ടു.

വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് സംഘർഷങ്ങൾ അരങ്ങേറിയതെന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിനുശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. അജ്ഞാതരായ അക്രമികളാണ് അക്രമം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button