KeralaLatest News

താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കി, പിന്നാലെ 22 കാരി മരിച്ചു: ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കരുമാല്ലൂര്‍: ആശുപത്രിയിൽ അനസ്‌തേഷ്യ കൊടുത്തതിലെ പിഴവ് മൂലം യുവതി മരിച്ചു. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്നാണ് ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അണ്ഡാശയത്തില്‍ സിസ്റ്റ് കണ്ടതിനെ തുടര്‍ന്ന് 16-നാണ് ശ്വേതയെ ആലുവ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നല്‍കി. 9.45-ന് പെൺകുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി.

തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞു. ഓക്സിജന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം.

ഫാക്ടിലെ താത്കാലിക ചുമട്ടുതൊഴിലാളിയായ വിഷ്ണു ഒന്നര വര്‍ഷം മുന്‍പാണ് ശ്വേതയെ വിവാഹം കഴിച്ചത്. മാള എരവത്തൂര്‍ പിച്ചച്ചേരില്‍ പറമ്പില്‍ ബാബു, ബിന്ദു ദമ്പതിമാരുടെ മകളാണ്.

സി.എ. ആശുപത്രിയില്‍ അനസ്തേഷ്യ കൊടുത്തതില്‍ വന്ന പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതികരണത്തിനില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button