KeralaLatest News

എന്റെ മടിയില്‍നിന്നാണ് കാശി വെള്ളത്തിൽ വീണത്, അവനെവിടെ? അമ്മ എവിടെ? കുഞ്ഞനുജന്റെയും അമ്മയുടെയും മരണം അറിയാതെ കീർത്തന

തൊട്ടടുത്ത മുറിയില്‍ അമ്മയുടെ ചേതനയറ്റ ശരീരം കിടക്കുന്നതറിയാതെ, അരുമ സഹോദരൻ മരിച്ചതറിയാതെ പതിനൊന്നുകാരി കീർത്തന. ഇടയ്ക്കിടെ ഉണരുമ്പോൾ കാശി എവിടെ, എന്റെ മടിയില്‍നിന്നാണ് അവൻ വെള്ളത്തിലേക്കു പോയത് എന്ന് നിലവിളിക്കുമ്പോൾ എങ്ങനെ ആശ്വസിപ്പക്കുമെന്നറിയാതെ ബന്ധുക്കള്‍ കണ്ണീരണിയുകയാണ്. കണ്ടുനിന്നവരുടെ കരളലിയിക്കുന്ന കാഴ്ച മാവേലിക്കര ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു.

ഇന്നലെ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് നാട്ടുകാർ മുക്തി നേടിയിട്ടില്ല. ഞായറാഴ്ച വൈകീട്ട് അച്ചൻകോവിലാറ്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ആണ് കീർത്തനയുടെ അമ്മയും കുഞ്ഞനുജനും മരണപ്പെട്ടത്. നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോയാണ് ആറ്റിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ടത്. എല്ലാവര്‍ക്കും അടുത്തറിയാവുന്ന വലിയപറമ്പില്‍ ശൈലേഷിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്ന് നടുക്കത്തിലാണ് നാട്ടുകാര്‍.

കീര്‍ത്തനയെയും അച്ഛൻ ശൈലേഷിനെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനു സമീപത്തെ വീട്ടിലേക്കു മാറ്റിയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കീര്‍ത്തനയെ ബന്ധുക്കള്‍ എത്തി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നാലെ ശൈലേഷിനെയും ഡ്രൈവര്‍ സജുവിനെയും ആശുപത്രിയിലെത്തിച്ചു.

അമ്മ മരിച്ച വിവരം രാത്രി വൈകുംവരെ കീര്‍ത്തനയെ അറിയിച്ചിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് കീര്‍ത്തനയെ വിശ്വസിപ്പിച്ചിരിക്കുന്നത്. വാതിലിനു തൊട്ടപ്പുറമുള്ള മുറിയില്‍ അമ്മയുടെ ചേതനയറ്റ ശരീരം ഉണ്ടെന്നറിയാതെ കുഞ്ഞനിയനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കീര്‍ത്തന അപ്പോഴും.

ഭാര്യ മരിച്ച വിവരം ആശുപത്രിയിലെത്തിയ ശേഷമാണ് ശൈലേഷ് അറിയുന്നത്. ആറ്റില്‍നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് സംഭവസ്ഥലത്തുവെച്ചു പറഞ്ഞിരുന്നത്. മകള്‍ കീര്‍ത്തനയുടെ അന്വേഷണങ്ങള്‍ക്കു മറുപടി പറയാനാകാതെ ആശുപത്രി വരാന്തയില്‍ പോയിരുന്ന് വിതുമ്പിയ ശൈലേഷ് കണ്ടുനിന്നവര്‍ക്കു തീരാവേദനയായി.

വിദേശത്തായിരുന്ന ശൈലേഷ് അഞ്ചു വര്‍ഷങ്ങള്‍ക്കുമുൻപാണ് മടങ്ങിയെത്തിയത്. സ്വന്തമായിട്ടുണ്ടായിരുന്ന രണ്ടു വാഹനങ്ങള്‍ ടാക്‌സിയായി ഓടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചേമുക്കാല്‍ മണിയോടുകൂടിയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button