Latest NewsKeralaIndia

‘കൃപാസനം മാതാവിന്റെ കൃപയാൽ മകൻ ബിജെപിയായി, അവിടെ നല്ല ഭാവിയുണ്ടെന്ന് മാതാവ് പറഞ്ഞു’- എലിസബത്ത്, വെട്ടിലായി കോൺഗ്രസ്

മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കൃപാസനത്തിൽ നടത്തിയ സാക്ഷ്യം പറച്ചിൽ കോൺ​ഗ്രസിന് തിരിച്ചടിയാകുന്നു. മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം സംബന്ധിച്ചുള്ള സാക്ഷ്യം പറച്ചിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. കോൺഗ്രസിൻ്റെ ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കിയതോടെയാണ് തന്റെ മക്കൾക്ക് രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴി അടഞ്ഞതെന്നായിരുന്നു എലിസബത്ത് വെളിപ്പെടുത്തിയത്.

കോൺ​ഗ്രസിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മകനെ വിളിക്കുന്നതെന്നും എ കെ ആന്റണി അറിയുന്നതിന് മുമ്പ് മകൻ ബിജെപിയിലേക്ക് പോകുമെന്ന് തനിക്കറിയാമായിരുന്നെന്നും അവർ വെളിപ്പെടുത്തി.

തന്റെ ഭർത്താവിനെ സംബന്ധിച്ച് ഇതൊരു വലിയൊരു ഷോക്കായിരുന്നുവെങ്കിലും വളരെ സൗമ്യതയോടെ തന്നെ അദ്ദേഹം ആ സാഹചര്യം തരണം ചെയ്തുവെന്നും പരസ്പരം സൗഹൃദത്തോടെ പെരുമാറാൻ മാതാവ് അത്ഭുതം പ്രവർത്തിച്ചു എന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. അനിൽ ആൻറണിയുടെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ കെ ആൻ്റണി. മകൻ്റെ ബിജെപി പ്രവേശനത്തിൻ്റെ അലയൊലികൾ അടങ്ങിവരുന്നതിനിടയിലാണ് സാക്ഷ്യം പറച്ചിലുമായി ഭാര്യ രംഗത്തെത്തിയത്.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. കോൺഗ്രസ് പാർട്ടിയിലെ യുവതലമുറ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ് കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി എകെ ആൻ്റണി ഇപ്പോൾ.

എലിസബത്ത് ആൻ്റണി കൃപാസനത്തിൽ നടത്തിയ സാക്ഷ്യം പറച്ചിലിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

എൻ്റെ മൂത്തമകൻ അനിലിന് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ കോൺഗ്രസിൻ്റെ ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കി. ഇതിനെ തുടർന്ന് എൻ്റെ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് സാഹചര്യം ഉണ്ടായി. എൻ്റെ ഭർത്താവ് എ കെ ആൻ്റണി മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുകയോ അതിനായി അവർക്കു വേണ്ടി ഒരു കാര്യവും ചെയ്യുകയോ ഉണ്ടായില്ല. അപ്പോഴും രാഷ്ട്രീയത്തിൽ പ്രവേശിക്കുക എന്നത് അനിലിൻ്റെ വലിയ സ്വപ്നമായിരുന്നു.

അമ്മമാർ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മക്കൾക്കൊപ്പം നിൽക്കുമെന്നുള്ളത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവിടെ എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഞാൻ മാതാവിനോട് കരഞ്ഞു പറഞ്ഞു. എൻ്റെ മകൻ്റെ ഭാവിയെപ്പറ്റി സംസാരിച്ചു. മകന് ഇപ്പോൾ 39 വയസ്സായി. അവൻ്റെ സങ്കടം കാണണമെന്ന് മാതാവിനോട് ആവശ്യപ്പെട്ടു.

അപ്പോഴാണ് മകൻ എന്നോട് ഒരു കാര്യം പറഞ്ഞത്. എന്നെ പ്രെെം മിനിസ്റ്ററുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്നും അവർ എന്നോട് ബിജെപിയിൽ ചേരാനായി പറഞ്ഞുവന്നും മകൻ വ്യക്തമാക്കി. ബിജെപിയിൽ ചേർന്നാൽ തനിക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടാകുമെന്ന് മകൻ എന്നോട് പറഞ്ഞു. നമ്മൾ വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയിലാണ്. നമ്മൾ ജീവിച്ചതും ആ പാർട്ടിയിൽ തന്നെയാണ്. നിലവിൽ ബിജെപിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ആകെ ആശങ്കയിലായ സമയത്താണ് മാതാവിനോട് പ്രാർത്ഥിച്ച് കാര്യം പറയാം എന്ന് കരുതി കൃപാസനത്തിൽ എത്തിയത്.

കൃപാസനത്തിൽ എത്തിയശേഷം ജോസഫ് അച്ഛൻ്റെ കയ്യിൽ തുണ്ടുകൾ കൊടുത്തു. അച്ഛൻ അമ്മയുടെ കാൽക്കൽ തുണ്ടുകൾ വച്ച് പ്രാർത്ഥിച്ചിട്ട് പറഞ്ഞു, `അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കേണ്ട, അവന് നല്ലൊരു ഭാവി അവിടെ അമ്മ കാണിച്ചു തരുന്നുണ്ട്´. അപ്പോൾ തന്നെ എൻ്റെ മനസ്സും അമ്മ മാറ്റിത്തന്നു. ബിജെപിയോടുള്ള വെറുപ്പും അറപ്പും എല്ലാ വിരോധവും ഓൺ ദ സ്പോട്ടിൽ മാറ്റി അമ്മ എനിക്ക് മറ്റൊരു ഹൃദയം തന്നു.

എൻറെ ഭർത്താവിനെ സംബന്ധിച്ച് ഇതൊരു വലിയൊരു ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ തന്നെ അദ്ദേഹം ആ സാഹചര്യം തരണം ചെയ്തു. ഇതെല്ലാം കഴിഞ്ഞ് എൻ്റെ മകൻ വീട്ടിലേക്ക് വരുമ്പോൾ വീട്ടിൽ എന്തെങ്കിലും പൊട്ടിത്തെറികളോ മറ്റോ ഉണ്ടാകുമെന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ പരിശുദ്ധയായ അമ്മ അവിടെയും പ്രവർത്തിച്ചു. എല്ലാവരുടെയും മനസ്സ് തണുപ്പിച്ചു. അനിൽ വീട്ടിൽ എത്തിയപ്പോൾ പരസ്പരം സൗമായി പെരുമാറാനുള്ള സാഹചര്യമായിരുന്നു മാതാവ് അവിടെ ഒരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button