KeralaLatest NewsNews

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജന രംഗത്ത് കേരളത്തിന് ഇതിനകം വലിയ പുരോഗതി കൈവരിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ മേഖലാതല അവലോകന യോഗത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ നവംബർ ഒന്നോടെ സംസ്ഥാനത്തെ അതിദരിദ്രരിൽ വലിയൊരു ശതമാനം ആളുകൾ അതിദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിതരാവും. അടുത്ത നവംബറോടെ ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതി കൈവരിക്കാനാവും. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിയുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്. വിവിധ മേഖലകളിൽ ഇതിനകം കേരളം കൈവരിച്ച നേട്ടങ്ങളുടെ മാറ്റ് വർധിപ്പിക്കുന്ന ചുവടുവയ്പ്പായി ഇത് മാറുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഭവനരഹിതർക്ക് വീട് വച്ച് നൽകുന്ന ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപന തലത്തിൽ നല്ല രീതിയിൽ നടന്നുവരുന്നതായും മുഖ്യമന്ത്രി വിലയിരുത്തി. വീട് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സെക്രട്ടറി തലത്തിൽ നല്ല ഇടപെടലുകൾ ഉണ്ടാവണം. നിസ്സാര കാര്യങ്ങളുടെ പേരിൽ നിർമാണം തടസ്സപ്പെട്ടു നിൽക്കുന്ന സ്ഥിതിയുണ്ടാവരുത്. ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിന് നല്ല രീതിയിലുള്ള ഇടപെടൽ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം.

മാലിന്യ സംസ്‌ക്കരണ രംഗത്ത് കൂടുതൽ ശക്തമായ ഇടപെടൽ എല്ലാ തലങ്ങളിലും നടക്കേണ്ടതായിട്ടുണ്ട്. കേരളം പൂർണമായും മാലിന്യമുക്തമാകുന്ന പുതിയൊരു സംസ്‌കാരത്തിലേക്ക് വളരാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വെള്ളമെന്ന് കരുതി നാം കുടിക്കുന്ന കിണർ വെള്ളത്തിൽ പോലും മനുഷ്യവിസർജ്യത്തിന്റെ അംശങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ അവ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിന് മികച്ച സംവിധാനങ്ങളുണ്ടാവണം. എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഇത്തരം ലാബുകൾ സ്ഥാപിക്കുന്നതിന് കൂടുതൽ ശ്രമങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കാൻ ലക്ഷ്യമിടുന്ന ഇ-ഹെൽത്ത് പദ്ധതി സാധാരണ ജനങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ പൂർണാർഥത്തിൽ നടപ്പിലാക്കണം. തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ വലിയ തോതിലുള്ള മാറ്റമാണ് കേരളത്തിൽ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുന്ന സ്ഥിതിയുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button