Latest NewsIndia

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് സമാജ് വാദി പാർട്ടി, അഖിലേഷ് പുറത്തേക്കെന്ന് സൂചന

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി അലയൻസ് (INDIA) സംസ്ഥാന തലത്തിൽ മുന്നോട്ടുപോകില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും തനിക്ക് കോൺഗ്രസിൽ വിശ്വാസമില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഇതോടെ ഇന്ത്യ സഖ്യത്തിൽ തുടക്കത്തിൽ തന്നെ അതൃപ്തിയും തമ്മിൽതല്ലും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് വിജയപ്രതീക്ഷ വെക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തി സമാജ് വാദ് പാർട്ടിക്ക് സീറ്റ് നൽകാത്തതിലാണ് അഖിലേഷ് യാദവ് അതൃപ്തി അറിയിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ സഖ്യകക്ഷികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മധ്യപ്രദേശിലെ 18 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ചൊല്ലിയാണ് തർക്കമുണ്ടായിരിക്കുന്നത്.നിയമസഭാ തലത്തിൽ സീറ്റുവിഭജനം സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നതാണ്.

എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെയാണ് കോൺഗ്രസിൻറെ തനി നിറം മനസ്സിലായതെന്ന് അഖിലേഷ് ആരോപിച്ചു. നിയമസഭാ തലത്തിൽ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ സീറ്റ് ആവശ്യപ്പെട്ട് ഒരിക്കലും കോൺഗ്രസ് നേതാക്കളെ കാണില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ആറു സീറ്റുകൾ നൽകാമെന്ന് സമാജ് വാദ് പാർട്ടിക്ക് വാക്കുനൽകിയെങ്കിലും സീറ്റു വിഭജനം പ്രഖ്യാപിച്ചപ്പോൾ സമാജ്വാദി പാർട്ടിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്.

ഉത്തർപ്രദേശിലും കേന്ദ്രത്തിലും മാത്രമാണ് സഖ്യമെന്ന് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പ്രതികരണം സമാജ്വാദി പാർട്ടി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.അതേസമയം 13 സ്ഥാനാർത്ഥികളെ ഇതിനോടകം തന്നെ കോൺഗ്രസിന് എതിരായി സമാജ് വാദ് പാർട്ടി രംഗത്തിറക്കികഴിഞ്ഞു. എസ്പിക്ക് മധ്യപ്രദേശിൽ ജനപിന്തുണയില്ലെന്നാണ് കോൺഗ്രസിൻറെ വിശദീകരണം.

കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് റായുടെ പ്രസ്താവനയും ചർച്ചകൾക്ക് ചൂടുപകരുന്നതായി മാറി. എസ്പിക്ക് മധ്യപ്രദേശിൽ പിന്തുണയില്ലെന്നും അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പുറമെ, ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ സഖ്യവും, കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ മറ്റുപാർട്ടികൾക്ക് സീറ്റ് നൽകാതെ ഇരിക്കുന്നതുമാണ് അവരുടെ തന്ത്രമെന്നാണ് ആരോപണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button