തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ആം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തിൽ. തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നും വിശേഷിപ്പിക്കുന്ന പോസ്റ്ററിനെതിരെ വിമർശനം ശക്തമാകുകയാണ്. ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധര്‍മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നും പോസ്റ്ററില്‍ പറയുന്നു
ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഇങ്ങനെ ഒരു നോട്ടീസ് തയ്യാറാക്കിയവനെ ചാണകക്കുഴിയിൽ ചവിട്ടിയിറക്കേണ്ടതാണെന്നും
തിരുവതാംകൂറിലെ ദളിത് പിന്നോക്ക ജനതയുടെ ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ പൊരുതി നേടിയതാണ് തിരുവിതാംകൂർ ക്ഷേത്രപ്രവേശനമെന്നും അത് ഒരു രാജാവിന്റെ യും സൗജന്യമായിരുന്നില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ രംഗത്തെത്തി. രണ്ട് അഭിനവ ‘തമ്പുരാട്ടി’മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ,
ഡോ.പൽപ്പു ഉൾപ്പടെ നിരവധി മഹാപ്രതിഭകളുടെ സങ്കടങ്ങളും പീഢനങ്ങളും നിരാകരണങ്ങളും സൃഷ്ടിച്ച കണ്ണീരുവീണ സ്ഥലമാണ് തിരുവിതാംകൂർ കൊട്ടാരം. തിരുവിതാംകൂറിലെ തെരുവുകളിലും ദരിദ്രരും അയിത്തജാതിക്കാരുമായ മനുഷ്യരുടെ കുടിലുകളിലും വീണ അപമാനങ്ങളുടെയും പീഢനങ്ങങ്ങളുടെയും ചോരയുടെ മണം ഇനിയും മാറിയിട്ടില്ല. അതിപ്പോഴും നിലവിളിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും എപ്പോഴും എഴുന്നെള്ളിക്കപ്പെടുന്ന രണ്ട് അഭിനവ “തമ്പുരാട്ടി”മാരെ പ്രകീർത്തിക്കുന്നവരുടെ അകം നിറയെ ജാതി ബോധത്തിന്റെ ശവമഴുകിയ ഗന്ധമാണ്. ആ നികൃഷ്ടമായ നാടുവാഴിത്ത മേധാവിത്തത്തേയും തമ്പുരാൻ സംസ്കാരത്തേയും തെരഞ്ഞെടുക്കപ്പെട്ട ഒരു ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പുനരാനയിച്ച് എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഏറ്റവും വലിയ തെറിവാക്കുകളാണിവിടെ ഉപയോഗിക്കേണ്ടത്. തെറിയും അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധവും പോരാട്ടവുമാണ്. ദേവസ്വം ബോർഡ് ചെയർമാനും ഇതിനുത്തരം പറയേണ്ടതുണ്ട്. ലജ്ജകൊണ്ട് ശിരസ്സ് കുനിയുന്നു.
Post Your Comments