KeralaLatest NewsIndia

ദേശീയ താല്പര്യങ്ങൾ ബലികഴിച്ച് വോട്ട് ബാങ്കിന് പുറകെ പോകാൻ തുടങ്ങിയതോടെ കോൺഗ്രസ് തകർന്നു, തുടക്കമിട്ടത് രാജീവ്‌- ജിതിൻ

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്തെന്ന് അക്കമിട്ട് നിരത്തി രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ജിതിൻ ജേക്കബ്. കോൺഗ്രസിന് പിഴച്ചത് എവിടെയാണ് എന്ന് ചോദിച്ചാൽ അവർ ദേശീയ താല്പര്യങ്ങൾ ബലികഴിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പുറകെ പോകാൻ തുടങ്ങിയതോടെയാണ് എന്ന് ജിതിൻ പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്ത്യൻ ദേശീയതയെ എക്കാലവും ഉയർത്തിപ്പിടിച്ച കോൺഗ്രസ്‌ എന്ന ദേശീയ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ശരിക്കും സങ്കടം ഉളവാക്കുന്നതാണ്.
കോൺഗ്രസിന് പിഴച്ചത് എവിടെയാണ് എന്ന് ചോദിച്ചാൽ അവർ ദേശീയ താല്പര്യങ്ങൾ ബലികഴിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പുറകെ പോകാൻ തുടങ്ങിയതോടെയാണ് എന്ന് നിസംശയം പറയാം.

രാജീവ്‌ ഗാന്ധി സർക്കാർ ആണ് അതിന് തുടക്കം ഇട്ടത്. മുസ്ലിം സ്ത്രീകൾ അനുഭവിച്ചിരുന്ന വിവേചനങ്ങൾക്ക് അറുതി വരുത്താൻ പോകുമായിരുന്ന ‘ഷാ ബാനു ബിഗം’ കേസിൽ സുപ്രീം കോടതി വിധിയെ മറികടന്നു പാർലമെന്റിൽ നിയമം പാസാക്കിയത് യാഥാസ്ഥിതിക മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആയിരുന്നു.

ബിജെപിയിൽ നിന്ന് ‘പശു’ എടുത്ത് കളഞ്ഞാൽ കോൺഗ്രസ്‌ ആയി എന്ന് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു. ഇന്ത്യയിൽ ‘പശു’ രാഷ്ട്രീയം തുടങ്ങിയത് തന്നെ കോൺഗ്രസ്‌ ആണെന്ന് മറക്കരുത്. 1971 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഇന്ദിര ഗാന്ധി വിഭാഗത്തിന്റെ ചിഹ്നം ‘പശുവും കിടാവും’ ആയിരുന്നു. ‘പശു’ എന്നത് ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണ് അതുകൊണ്ട് ‘പശു’ ചിഹ്നമായി അനുവദിക്കരുത് എന്ന് ഇന്ദിര ഗാന്ധിയെ എതിർക്കുന്ന കോൺഗ്രസിന്റെ അന്നത്തെ ഔദ്യോഗിക പക്ഷം, അതായത് സാക്ഷാൽ കാമരാജ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ടു.

അന്ന് മധ്യപ്രദേശിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും പറഞ്ഞത് ‘പശു’ എന്നത് മത ചിഹ്നം ആണെന്നാണ്.. പറഞ്ഞു വന്നത് കോൺഗ്രസിന് ഒരു കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങളുമായി ബന്ധമുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും ബഹുമാനിച്ചിരുന്നു.
അതിന്റെ ഒറ്റ കാരണം കൊണ്ടാണ് കോൺഗ്രസിന് ഇപ്പോഴും ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നിന്ന് വോട്ട് ലഭിക്കുന്നത്. കോൺഗ്രസിന് സ്ഥിരമായി വോട്ട് ചെയ്യുന്ന 90% പേരും 60 വയസിനു മുകളിൽ പ്രായം ഉള്ളവരാണ് എന്നത് എടുത്ത് പറയണം.

കർണാടക തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരവധി ബൂത്തുകളിൽ പോകുക ഉണ്ടായി. അവിടെയെല്ലാം നെഹ്‌റു തൊപ്പിയൊക്കെ വെച്ച പ്രായമായ നിരവധി കോൺഗ്രസ്‌ പ്രവർത്തകരെ കാണാൻ കഴിഞ്ഞു. ബൂത്തിൽ ഏജന്റ്മാരായി ഇരിക്കുന്നതും ഒക്കെ ഇവർ തന്നെയാണ്. പക്ഷെ യുവാക്കൾ വിരളം എന്നതിൽ നിന്ന് തന്നെ മനസിലാക്കാം കോൺഗ്രസിന്റെ ഭാവി എന്താണ് എന്നത്.

ഇപ്പോഴത്തെ കോൺഗ്രസിന് അവരുടെ ശക്തി എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ബിജെപിയുടെ തേരോട്ടത്തിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നു. ദേശീയ കാഴ്ചപ്പാടോട് കൂടി ഒരു നയം പോലും അവർക്ക് രൂപീകരിക്കാൻ കഴിയുന്നില്ല. ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകൾ. ഒരു വിഷയത്തിൽ തന്നെ കേരളത്തിൽ ഒന്ന് പ്രസംഗിക്കും, മധ്യപ്രദേശിൽ വേറൊന്ന് പ്രസംഗിക്കും, പഞ്ചാബിൽ പറയുക വേറൊന്ന് ആയിരിക്കും.

വടക്കേ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ആകുമ്പോൾ പ്രച്ഛന്ന വേഷം കെട്ടി രാഹുൽ ജിയും, പ്രിയങ്കജിയും കൂടി ക്ഷേത്രങ്ങൾ കയറി ഇറങ്ങും, ഗോശാലകൾ സന്ദർശിക്കും.. അതേസമയം ഇങ്ങ് കേരളത്തിൽ പശുവിനെ പരസ്യമായി അറത്തിട്ട് അത് വലിയ നേട്ടമായി കൊണ്ടാടും.

കേരളത്തിലെ മുസ്ലിം വോട്ട് കിട്ടാൻ ലോകത്തുള്ള എല്ലാ തീവ്രവാദി ആക്രമണങ്ങളെയും പിന്തുണക്കും. ഒരു മലയാളി പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അനുശോചനം അറിയിക്കാൻ പോലും കോൺഗ്രസിന്റെ നേതാക്കന്മാർക്ക് നട്ടെല്ല് ഇല്ലായിരുന്നു.
സിപിഎം നേക്കാൾ കൂടുതൽ ഞങ്ങളാണ് പലസ്തീൻ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് എന്ന് കാണിക്കാൻ എന്തൊക്കെ കോപ്രായങ്ങളാണ് കോൺഗ്രസ്‌ കാട്ടി കൂട്ടിയത്..! സിപിഎം ആകട്ടെ എല്ലാം തുടങ്ങി വെച്ചിട്ട് നൈസ് ആയി പിന്മാറി.

കശ്മീർ വിഷയത്തിൽ ആണെങ്കിലും, അയോദ്ധ്യ വിഷയത്തിൽ ആണെങ്കിലും ഓരോ സ്ഥലത്തും പല പല നിലപാടുകൾ. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന്റെ ക്ഷീണം തീർക്കാൻ വിദേശത്ത് പോയി ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ അമേരിക്കയും, യൂറോപ്പും ഇടപെടൽ നടത്തണം എന്ന രീതിയിൽ വരെ കോൺഗ്രസ്‌ നേതാക്കൾ പ്രസ്താവന നടത്തുന്നു..

ഇനി ഏറ്റവും ദയനീയമായ കാര്യം പ്രാദേശീക പാർട്ടികൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതാണ്. പ്രാദേശീക പാർട്ടികൾ കൊടുക്കന്ന എല്ലിൻ കഷ്ണങ്ങൾ ആണ് പലയിടത്തും കോൺഗ്രസ്‌ എന്ന പാർട്ടിയുടെ നിലനിൽപ്പ് തന്നെ. 60 വര്ഷങ്ങളോളം തുടർച്ചയായി ഈ സംസ്ഥാനങ്ങളൊക്കെ അടക്കി ഭരിച്ച പാർട്ടിയുടെ ഗതികേട് നോക്കൂ.

ജാതി പാർട്ടികളുടെ ഉദയമാണ് കോൺഗ്രസിനെ ഉത്തരേന്ത്യയിൽ നിന്ന് തുടച്ചു നീക്കിയതിന്റെ മറ്റൊരു കാരണം എന്ന തിരിച്ചറിവ് പോലും ഇല്ലാതെയാണ് ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കണം എന്ന് പറഞ്ഞ് കോൺഗ്രസ്‌ ഇപ്പോൾ ബഹളം ഉണ്ടാക്കുന്നത്. വീണ്ടും ജാതി സെൻസസ് ഉണ്ടാകുമ്പോൾ ജാതി സംഘടനകൾ ശക്തി പ്രാപിക്കും. വീണ്ടും ജാതി പാർട്ടികൾ ഉയർന്നു വരും. അതും ദോഷം ചെയ്യുക കോൺഗ്രസിനു തന്നെ ആയിരിക്കും.

ഇനി സ്വന്തം പാർട്ടി പ്രവർത്തകരെ എങ്കിലും സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. ബംഗാളിലും, ത്രിപുരയിലും കമ്മ്യൂണിസ്റ്റ്‌ ഭീകരർ കൊന്ന് തള്ളിയത് 50000 ത്തിൽ അധികം കോൺഗ്രസ്‌ പ്രവർത്തകരെ ആണ്. എന്നിട്ട് അതെ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു…!

കേരളത്തിലേക്ക് വന്നാൽ കമ്മ്യൂണിസ്റ്റ്‌ ഭീകരർ കൊന്ന കോൺഗ്രസുകാരുടെ എണ്ണം ബംഗാളിലെ പോലെ 50000 ഒന്നും ഇല്ലെങ്കിലും നൂറുകണക്കിന് പേരുണ്ട്. കാസർഗോഡ് രണ്ട് ചെറുപ്പക്കാരെ കൊന്നിട്ട് അധികം നാളായില്ല. രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയോ? കേരളത്തിൽ ഇപ്പോൾ കോൺഗ്രസ്‌ പ്രവർത്തകരെ പട്ടിയെ തല്ലുന്നത് പോലെ കമ്മ്യൂണിസ്റ്റ്‌ ഭീകരർ ആക്രമിക്കുന്നു. അതേസമയം ഡൽഹിയിൽ രാഹുൽജിയും, യെച്ചുരിയും തോളിൽ കയ്യിട്ട് നടക്കുന്നു..!

കോൺഗ്രസിന്റെ 19 വാഴകൾ പാർലമെന്റിൽ ഉണ്ട്. കേരളത്തിന്റെ തകർന്ന സാമ്പത്തീക രംഗത്തെ കുറിച്ച് കൃത്യമായ ചോദ്യം ചോദിക്കാൻ പോലും ഒരുത്തനും ഇല്ല. കാരണം ചോദിച്ചാൽ കേന്ദ്രം കണക്കുകൾ നൽകും, അങ്ങനെ വന്നാൽ അത് സിപിഎം ന് ദോഷം ചെയ്യുകയും ബിജെപിക്ക് ഗുണകരം ആകുകയും ചെയ്യും എന്ന പേടിയാണ്.

ബിജെപിയെ സഹായിക്കാൻ കോൺഗ്രസ്‌ പാർലമെന്റിൽ ചോദ്യം ചോദിച്ചു എന്ന രീതിയിൽ സിപിഎം പ്രചരണം നടത്തും എന്ന് കോൺഗ്രസ്‌ ഭയക്കുന്നു..!
കേരളത്തിൽ മാത്രം ഉള്ള സിപിഎം നെ പോലും പേടിച്ച് ഒരു രാഷ്ട്രീയ തീരുമാനം ദേശീയ തലത്തിൽ എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദിയുടെ പേരിൽ തമിഴ് നാട്ടിലെ ഡി എം കെ എന്ന കുടുംബ പാർട്ടി എന്തൊക്കെ പുകിൽ ആണ് ഉണ്ടാക്കിയത്. ദേശീയ പാർട്ടി ആയ കോൺഗ്രസിന് ഒന്നും പറയാൻ ഇല്ല. കഴിഞ്ഞ ദിവസം ബീഹാർ മുഖ്യമന്ത്രി ഡി എം കെ നേതാക്കളോട് പറഞ്ഞു ‘ ഹിന്ദി പഠിക്കാൻ’. ഡി എം കെ ക്ക് ഒന്നും തിരിച്ചു പറയാൻ ഇല്ലല്ലോ.. അതായത് വെറും ഒരു പ്രാദേശിക പാർട്ടക്ക് വരെ നിലപാട് ഉണ്ട്. പക്ഷെ കോൺഗ്രസിന് അതില്ല.

സനാതനധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് ഡി എം കെ പറഞ്ഞപ്പോഴും കോൺഗ്രസിന് നിലപാട് ഇല്ലായിരുന്നു. കാരണം ഡി എം കെ യെ പിണക്കാൻ പാടില്ലല്ലോ. പിണക്കിയാൽ തമിഴ് നാട്ടിൽ നിന്ന് ഡി എം കെ യുടെ കരുണ്യത്തിൽ ഒരു സീറ്റ്‌ പോലും കിട്ടാതെ വരും..
കേരളത്തിൽ ആകട്ടെ മുസ്ലിം ലീഗ് പറയുന്നതിന് മുകളിൽ വേറൊന്നില്ല. കോൺഗ്രസ്‌ എന്ത് പറയണം എന്ന് മുസ്ലിം ലീഗ് തീരുമാനിക്കും. കോൺഗ്രസിന് അറിയാം ലീഗിന്റെ സഹായം ഇല്ലാതെ കേരളത്തിൽ ജയിക്കാൻ കഴിയില്ല എന്ന്..

ഹിന്ദുക്കളെ ഉന്മൂലനം ചെയ്യും എന്ന രീതിയിൽ മുസ്ലിം ലീഗ് റാലിക്ക് ഇടയിൽ മുദ്രാവാക്യം വിളി ഉയർന്നപ്പോഴും കോൺഗ്രസ്‌ മിണ്ടിയില്ല.
കോൺഗ്രസ്‌ എന്നത് ഒരു ദേശീയ പാർട്ടി ആണെന്ന് ആദ്യം മനസ്സിലാക്കേണ്ടത് അവരുടെ ദേശീയ നേതാക്കൾ ആണ്. പ്രാദേശിക പാർട്ടികളെ പേടിച്ച് ഓരോ സംസ്ഥാനത്തും ഓരോ നിലപാട് എടുത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

കമ്മ്യൂണിസ്റ്റ്‌ ഭീകരരുടെ അക്രമം സഹിക്കാൻ വയ്യാതെയാണ് കോൺഗ്രസ്‌ അണികൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ത്രിപുരയിൽ ആകട്ടെ അണികൾ ബിജെപിയിലേക്ക് ഒഴുകി. കേരളത്തിലും സംഭവിക്കാൻ പോകുന്നത് മറ്റൊന്നുമല്ല.

കോൺഗ്രസ്‌ ന്യൂനപക്ഷ പ്രീണനം നടത്തിയപ്പോൾ ഭൂരിപക്ഷ ജനതയുടെ വോട്ടുകൾ ബിജെപിയിൽ എത്തി. എന്നിട്ടും കോൺഗ്രസ്‌ പഠിക്കുന്നില്ല, ഇപ്പോഴും ന്യുനപക്ഷ പ്രീണനവുമായി നടക്കുന്നു. രസകരമായ കാര്യം ഇപ്പോൾ ന്യുനപക്ഷങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുന്നു എന്നതാണ്.
മുസ്ലിം ലീഗ് പോലുള്ള മത വർഗീയ പാർട്ടികളെ കൂടെ നിർത്താൻ ആഗോള ഭീകര സംഘടനകളെ പോലും പരസ്യമായി ന്യായീകരിക്കാൻ തയാറാകുമ്പോൾ മറുവശത്ത് ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ നഷ്ടമാകും എന്നത് ഇവർ ഓർക്കുന്നില്ല.

കോൺഗ്രസിന് ഇപ്പോഴും ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ ശക്തമായ അടിത്തറ ഉണ്ട്. അണികൾ എല്ലാം 60 കഴിഞ്ഞവർ ആണെന്ന് മാത്രം. ഒന്ന് രണ്ട് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതും കഴിയും.
അയോദ്ധ്യയിൽ രാമ ക്ഷേത്ര ഉൽഘാടനചടങ്ങുകൾക്കു പോകാൻ കോൺഗ്രസിനെ മുസ്ലിം ലീഗ് അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇനി ലീഗ് പച്ച കൊടി കാട്ടിയാലും അയോദ്ധ്യയിൽ പോയാൽ സിപിഎം എന്ത് പറയും എന്നോർത്താണ് കോൺഗ്രസിന് ആശങ്ക. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസ്‌ പറഞ്ഞത് അയോദ്ധ്യ ക്ഷേത്രം ഉണ്ടായതിന് കാരണം രാജീവ്‌ ഗാന്ധി ആണെന്നാണ്. പക്ഷെ കേരളത്തിൽ അത് പറയുമോ?

കോൺഗ്രസ്‌ നേതാക്കൾ അയോദ്ധ്യയിൽ പോയാൽ കേരളത്തിൽ അത് പ്രശ്നമാകും, പോയില്ലെങ്കിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലും. ഈ അവസ്ഥയിൽ കോൺഗ്രസ്‌ സ്വയം എത്തിച്ചേർന്നതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയവും, പ്രീണന രാഷ്ട്രീയവും കൊണ്ട് സ്വയം വരുത്തി വെച്ചത്.
നിലവിൽ കോൺഗ്രസ്‌ ഒരു ദേശീയ പാർട്ടി അല്ല. കോൺഗ്രസ്‌ (കേരള), കോൺഗ്രസ്‌ (കർണാടക ), കോൺഗ്രസ്‌ (മഹാരാഷ്ട്ര) എന്നിങ്ങനെ 28 കഷ്ണങ്ങൾ ആണ് അത്. കുറച്ചു കൂടി കഴിയുമ്പോൾ അത് കോൺഗ്രസ്‌ (ആലപ്പുഴ ), കോൺഗ്രസ്‌ (കോട്ടയം ), കോൺഗ്രസ്‌ (മലപ്പുറം ) എന്നായി മാറും.
പ്രാദേശിക പാർട്ടികളുടെ തടവറയിൽ നിന്ന് മോചനം ഉണ്ടായാലേ കോൺഗ്രസിന് രക്ഷയുള്ളൂ. അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തണം. NO പറയേണ്ടിടത്ത് NO പറയണം.

ദേശീയ തലത്തിൽ ഒറ്റ നിലപാട് എടുക്കാൻ കഴിയണം. അധികാരം അല്ല ഇപ്പോൾ ലക്ഷ്യം വെയ്ക്കേണ്ടത്. അധികാരത്തിനു പിന്നാലെയുള്ള ഓട്ടം കൂടുതൽ ദുർബലമാക്കുകയെ ഉള്ളൂ. പകരം പാർട്ടിയെ ശക്തിപ്പെടുത്തൽ ആണ്. അതിന് യാത്ര നടത്തിയാൽ പോരാ എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലായില്ലേ..
രാജ്യതാൽപ്പര്യങ്ങൾ മുൻനിർത്തി നിലപാടുകൾ എടുക്കണം. രാജ്യമാണ് പ്രധാനം, ബാക്കിയെല്ലാം രണ്ടാമത്. ഇന്ദിര ഗാന്ധി പണ്ട് പറഞ്ഞതെ പറയാനുള്ളൂ, വാ അടച്ച് പണി എടക്കുക…

shortlink

Related Articles

Post Your Comments

Related Articles


Back to top button