KeralaLatest NewsNews

‘ഈ തുക വെച്ചോളൂ, 2 മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ?’: ഗവർണർ നൽകിയ 1000 രൂപയെ കുറിച്ച് കടക്കാരൻ

കൊല്ലം: അതിനാടകീയമായ പ്രതിഷേധത്തിനാണ് കൊല്ലം നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗിക വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു. ഒരു കടയുടെ മുന്നിലാണ് ​ഗവർണർ ഇരുന്നത്. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനൊടുവിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയ ശേഷമായിരുന്നു ഗവർണർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്. ഈ നേരമത്രേയും കച്ചവടം മുടങ്ങിയതിൽ ഗവർണർ കടയുടമയ്ക്ക് 1000 രൂപ ഏൽപ്പിച്ചത് വാർത്തയായിരുന്നു. രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നൽകിയത്.

ഇപ്പോഴിതാ, ഗവർണറുടെ കരുതലിനെ കുറിച്ച് പറയുകയാണ് കടയുടമ. സംഭവത്തിൽ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം. പൈസ വേണ്ടെന്ന് ഫിറോസ് നിരവധി തവണ പറഞ്ഞെങ്കിലും ഗവർണർ അത് കേട്ടില്ലെന്നും 1000 രൂപ നിർബന്ധിച്ച് തന്നിട്ടാണ് അദ്ദേഹം പോയതെന്നും ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘അദ്ദഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച് ഇവിടെയിരുന്നു. രണ്ട് മണിക്കൂര്‍ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടര്‍ന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പണം നല്‍കി. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫാണ് പണം നല്‍കിയത്. 1000 രൂപ തന്നു’, ഫിറോസ് പറഞ്ഞു.

അതേസമയം, വിഷയം രാജ്യശ്രദ്ധ പിടിച്ച് പറ്റുകയും പിന്നാലെ ഗവർണറുടെ സുരക്ഷാ കേന്ദ്ര സേന ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേന്ദ്രസേന രാജ്ഭവനിൽ എത്തി. സിആര്‍പിഎഫ് സംഘമാണ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലി ഏറ്റെടുത്തത്. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെയാണ് ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button