KeralaLatest News

‘കേരളത്തിലെ ചികിത്സ ശരിയല്ല, നേരത്തെ സിസേറിയന്‍ ചെയ്തത് അബദ്ധമായി, എന്റെ ഭാര്യയെ നോക്കാൻ എനിക്കറിയാം’- കൗൺസിലറോട് നയാസ്

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിനെതിരേയാണ് നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നയാസിന്റെ ഭാര്യ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് കഴിഞ്ഞദിവസം മരിച്ചത്.

ചൊവ്വാഴ്ച വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയാകുകയായിരുന്നു. തുടര്‍ന്ന് നയാസ് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നേരത്തെ വീട്ടിലെത്തി ഗര്‍ഭിണിയായ ഷമീറയ്ക്ക് ആശുപത്രിയില്‍നിന്ന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് നയാസ് ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതായി ആരോപണമുണ്ട്.

ഒരുമാസം മുന്‍പ് ഷമീറ അസുഖബാധിതയായപ്പോള്‍ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് നയാസിന്റെ ആദ്യഭാര്യയും മകളുമെത്തി ഇവരെ കൊണ്ടുപോയെന്നും തിരികെയെത്തിയതിനുശേഷം യുവതി ആരുമായും സംസാരിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഷമീറയുടെ ആദ്യ പ്രസവങ്ങള്‍ നെടുമങ്ങാട്‌വച്ചായിരുന്നു നടന്നത്. അപ്പോഴും ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. അന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നാണ് വിവരങ്ങള്‍.

ഷമീറയ്ക്ക് ആശുപത്രിയില്‍ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ യു.ദീപികയും പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയന്‍ ചെയ്തത് അബദ്ധമായിരുന്നുവെന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞു.

ഇയാള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാകാം പിന്നീട് താന്‍ പൊലീസുമായി എത്തിയപ്പോള്‍ ഇനി തന്റെ കാര്യത്തില്‍ ഇടപടേണ്ടെന്നാണ് ഷമീറ പറഞ്ഞതെന്നും വാര്‍ഡ് കൗണ്‍സിലര്‍ വെളിപ്പെടുത്തി. ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപങ്ചര്‍ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു. നയാസിന്റെ ആദ്യ ഭാര്യയിലെ മകളും അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും സ്ഥലത്തുണ്ടായിരുന്നു.

അതേസമയം, ഇക്കാര്യത്തില്‍ പോലീസ് മതിയായ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. ആശ വര്‍ക്കര്‍മാരും വാര്‍ഡ് കൗണ്‍സിലറും അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. എന്നാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറാകാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button