
ന്യൂഡൽഹി: 14 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ആന്ധ്ര ട്രെയിൻ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബറിൽ ആന്ധ്രപ്രദേശിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളിൽ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈൽ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത കാലത്ത് ആന്ധ്രപ്രദേശിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണം ലോക്കോ പൈലറ്റും കോ ലോക്കോ പൈലറ്റും ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്നതാണ്. ഇത്തരത്തിൽ ശ്രദ്ധ തിരിക്കുന്ന സംഗതികൾ കണ്ടെത്താനും ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിൻ ഓടിക്കുന്നതിൽ മാത്രമാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 29-നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്.
അന്നത്തെ അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായി. അൻപതിൽ അധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments