KeralaLatest News

കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്ന് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എപി സുന്നി വിഭാഗം

കോഴിക്കോട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത എപി സുന്നി വിഭാ​ഗവും. എപി വിഭാഗത്തിൻറെ മുഖപത്രമായ സിറാജിന്റെ മുഖപ്രസം​ഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നു.

കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടായിക്കൂടാ.സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം.വിഷയത്തിൽ പൊലീസ് പക്ഷപാത നിലപാട് ആണ് സ്വീകരിച്ചത്. അത് ശരി വെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളിമുറ്റത്ത് വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് സമസ്തയിലെ ഇരുവിഭാ​ഗങ്ങളെയും ചൊടിപ്പിച്ചത്. ഇകെ സുന്നി വിഭാഗം നേരത്തേ തന്നെ മുഖ്യമന്ത്രിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിൽ കെഎൻഎം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ വിഷയം പരാമർശിച്ചപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിൽ നടന്ന് തെമ്മാടിത്തം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ തെമ്മാടിത്തമെന്നും മുസ്ലീം വിഭാഗമാണ് ഇതിൽ ഉൾപ്പെട്ടതെന്നുമായിരുന്നു പിണറായി വിജയൻറെ ആരോപണം. ഇതിനെതിരെ മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സിറാജ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലും രൂക്ഷ വിമർശനം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം:

‘എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ പോലെയുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button