KeralaLatest News

ജസ്ന തിരോധാനം: സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും

പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ജസ്നയുടെ കുടുംബം തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ന് പരിഗണിക്കുക.

ജനുവരിയിൽ കേസ് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മജിസ്ട്രേറ്റ് അവധിയായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജസ്‌നയുടെ പിതാവ് ഇന്ന് കോടതിയിൽ ഹാജരായേക്കും. ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്. കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോർട്ടും സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം.

എന്നാൽ, അന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് ജസ്നയുടെ കുടുംബം തടസഹർജിയിൽ ആവശ്യപ്പെട്ടത്. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button