Latest NewsKeralaNews

സുൽത്താൻ ബത്തേരിയും സുൽത്താന്റെ ബാറ്ററിയും അല്ല, അത് ഗണപതിവട്ടം ആണ്: പേര് മാറ്റണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: വയനാട്ടിലെ പ്രധാന ടൗൺ ആയ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. പേര് മാറ്റണമെന്നാണ് സുരേന്ദ്രൻ ആവശ്യപ്പെടുന്നത്.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ജയിച്ചാൽ പേര് മാറ്റുമെന്നാണ് അദ്ദേഹം പറയുന്നത്.

സുല്‍ത്താൻസ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യമെന്നും അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button