ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി. കേജ്‍രിവാളിന് എന്തുകൊണ്ടാണ് ജാമ്യം അനുവാദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവർ അറിയിച്ചു. മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് കൊണ്ട് കേജ്‍രിവാൾ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.
ജാമ്യം സംബന്ധിച്ച് കേജ്‍രിവാളിന്റെ പ്രസംഗം ഇ.ഡിയും കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശം കേജ്‍രിവാളിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിക്കു വോട്ടു ചെയ്താല്‍ തനിക്കു തിരിച്ചു ജയിലില്‍ പോകേണ്ടി വരില്ലെന്ന കേജ്‍രിവാളിന്റെ പ്രസംഗമാണ് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതു കേജ്‍രിവാളിന്റെ വിലയിരുത്തലാണെന്നും തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു.
പ്രത്യേക പരിഗണനയിലാണ് കേജ്‍രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗം പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല. ഒരാള്‍ക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.
Post Your Comments