Latest NewsKeralaNews

രമേഷ് സാറിനെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടത്തരുത്, വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി

കൊച്ചി: സംഗീതജ്ഞന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി രംഗത്ത് വന്നു. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടന്‍ ആസിഫ് അലി വ്യക്തമാക്കി. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത് എന്നും എല്ലാവരോടുമായി താരം അഭ്യര്‍ത്ഥിച്ചു.

Read Also: വിദ്യാർഥികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു: മലപ്പുറത്ത് ഒഴിവായത് വൻ ദുരന്തം

കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ സിനിമാ പ്രമോഷന് എത്തിയതായിരുന്നു ആസിഫ് അലി. ‘സമൂഹ മാധ്യമങ്ങളില്‍ പിന്തുണച്ചത് കണ്ടു. സമൂഹ മാധ്യമങ്ങളിലെ പിന്തുണയ്ക്ക് സന്തോഷം. എന്നാല്‍ എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുത്. അതിന്റെ വിഷമം മനസ്സിലാക്കാന്‍ ആകും’, ആസിഫ് അലി പറഞ്ഞു. പൊതുവേദിയില്‍ എല്ലാവര്‍ക്കും ആസിഫ് നന്ദി പറയുകയും ചെയ്തു. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലും ഇക്കാര്യം താരം വിശദീകരിച്ചു.

ആസിഫ് അലിയുടെ വാക്കുകള്‍

‘തുടര്‍ സംസാരം വേണ്ടെന്നു വെച്ചതാണ്. എന്നാല്‍ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാന്‍ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ അദ്ദേഹവുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. മോനെ പ്ലീസ് കോള്‍ ബാക്ക് എന്നൊരു മെസ്സേജ് രമേഷ് സാര്‍ അയച്ചു. ശബ്ദം ഇടറുന്നത് ആയി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടേത്തിച്ചു അത്. അദ്ദേഹത്തെ പോലെ ഒരാള്‍ ക്ഷമ പറയേണ്ടത് ഇല്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അദ്ദേഹം മനഃപൂര്‍വം അങ്ങനെ ചെയ്തത് അല്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എതിരെ നില്‍ക്കുന്നവന്റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ. അദ്ദേഹത്തിന് ആ മൊമന്റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണം’, ആസിഫ് പറഞ്ഞു.

എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‌കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞന്‍ രമേഷ് നാരായണന്‍. സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണന്‍ വിളിക്കുകയും ഒന്നുകൂടി പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‌കാരം നല്‍കി.

സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണന്‍ വ്യക്തമാക്കിയത്. അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേഷ് നാരായണന്‍ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര നടന്‍ ആസിഫ് അലിയെ താന്‍ ഏറെ ബഹുമാനിക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button