
ബെംഗളൂരു: മുഖത്തൊരു മാസ്ക് മാത്രം, പൂർണ നഗ്നനായി മൊബൈൽ കടയിലേക്ക് അതിക്രമിച്ച് കയറി 27കാരൻ. ബെംഗളൂരുവിലാണ് അസം സ്വദേശിയായ 27കാരൻ കടയിലേക്ക് പൂർണ നഗ്നനായി എത്തിയത്. തെക്കൻ ബെംഗളൂരുവിലെ ഹൊംഗസന്ദ്രയിലെ ഹനുമാൻ ടെലികോം എന്ന മൊബൈൽ ഷോപ്പിലാണ് വിചിത്ര രീതിയിലുള്ള മോഷണം നടന്നത്. 25 ലക്ഷം രൂപയോളം വില വരുന്ന ഫോണുകളാണ് ഒറ്റ രാത്രിയിൽ യുവാവ് കടയിൽ നിന്ന് അടിച്ച് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെയ് 9ന് പുലർച്ചെയോടെയാണ് പൂർണ നഗ്നനായ യുവാവ് കടയിൽ അതിക്രമിച്ച് കയറിയത്. കടയുടെ ഭിത്തിയിൽ ഉണ്ടാക്കിയ രണ്ട് അടി നീളം മാത്രമുള്ള ദ്വാരത്തിലൂടെ അകത്ത് കടക്കുമ്പോൾ പുത്തൻ വസ്ത്രത്തിൽ അഴുക്ക് പറ്റാതിരിക്കാനായിരുന്നു 27കാരൻ വസ്ത്രം മാറ്റിയ ശേഷം മോഷണത്തിനിറങ്ങിയത്. സിസിടിവി ഫൂട്ടേജുകളിൽ നിന്നാണ് യുവാവ് കടയുടെ ഭിത്തിയിൽ ഡ്രില്ലിംഗ് മെഷീൻ സഹായത്തോടെ ദ്വാരമുണ്ടാക്കുന്നതും പിന്നീട് വസ്ത്രങ്ങൾ എല്ലാം ഊരിവച്ച് കടയിൽ കയറി മോഷണം നടത്തുന്നതും പതിഞ്ഞതോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കയ്യിൽ മൊബൈൽ ടോർച്ചുമായി മൊബൈൽ കടയിലൂടെ തെരഞ്ഞ് നടന്ന് 15000 രൂപയിലേറെ വില വരുന്ന ഫോണുകൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചത്. തുടക്കത്തിൽ മോഷണത്തിന് പിന്നിൽ വലിയ ഒരു സംഘമെന്ന ധാരണയിലായിരുന്നു പൊലീസ് ഉണ്ടായിരുന്നത്. എന്നാൽ സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവും മറ്റൊരാളും മാത്രമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. കടയുടമ സിസിടിവി ഫീഡ് പരിശോധിച്ചപ്പോഴാണ് കടയിൽ മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. ഉടനേ കടയിലെത്തിയ കടയുടമ ദിനേശ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് അടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇമ്രാനുള്ള എന്ന അസം സ്വദേശിയാണ് പിടിയിലായിട്ടുള്ളത്. വനിതാ സുഹൃത്തിന്റെ സന്തോഷിപ്പിക്കാൻ പണം ആവശ്യമായിരുന്നുവെന്നും അതിനാൽ മോഷ്ടിച്ച ഫോണുകൾ വിൽക്കാനായിരുന്നു ഉദ്ദേശമെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സ്ഥാപനത്തേക്കുറിച്ചും സിസിടിവികളേക്കുറിച്ചും വ്യക്തമായി പഠിച്ച ശേഷമായിരുന്നു ഇയാൾ മോഷണത്തിനിറങ്ങിയത്. അതിക്രമിച്ച് കയറൽ, മോഷണം അടക്കമുള്ള വകുപ്പുകൾക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Post Your Comments