
കൊല്ലം : വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ 4 പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.
Post Your Comments