Latest NewsKeralaNews

ഹെറോയിനുമായി മൂന്ന് അസം സ്വദേശികൾ പെരുമ്പാവൂരിൽ അറസ്റ്റിൽ : പിടിച്ചെടുത്തത് സോപ്പുപെട്ടികളിൽ സൂക്ഷിച്ച മയക്കുമരുന്ന്

അബുൽ ബഷർ ആസാമിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന മുഖ്യ കണ്ണിയാണ്

പെരുമ്പാവൂർ : 65 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശികളായ അബ്ദുൽ ബഷർ (30), ബിച്ച് മിലൻ (58), റുസ്തം അലി (22) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുംതോട് ജംഗ്ഷനിൽ വച്ചാണ് മയക്ക് മരുന്ന് കടത്തിയവരെ കസ്റ്റഡിയിലെടുത്തത്.

ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ ഹെറോയിനുമായി അല്ലപ്ര ഒർണ്ണ ഭാഗത്തേക്ക് വരികയായിരുന്നു. സോപ്പുപെട്ടികളിൽ സൂക്ഷിച്ച നിലയിൽ ആറ് ബോക്സ് ഹെറോയിനാണ് അന്വേഷണസംഘം പിടികൂടിയത്. അബുൽ ബഷർ ആസാമിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന മുഖ്യ കണ്ണിയാണ്.

കുറച്ചു നാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നയാളാണ്. കോൺട്രാക്ടർ ജോലിയുടെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. ഭണ്ഡാരി എന്ന ഇരട്ട പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ബോക്സ് ഒന്നിന് മുപ്പതിനായിരം രൂപയ്ക്ക് വാങ്ങുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു.

ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തിയത്. ഒരു ബോക്സ് ഹെറോയിൻ120 ഓളം ഡപ്പികളിൽ ആക്കിയാണ് വിൽപ്പന നടത്തിവന്നിരുന്നത്. ഒരുമാസം മുമ്പ് ഇയാളെ ഒമ്പത് ഡപ്പി ഹെറോയിനുമായി അന്വേഷണസംഘം പിടികൂടിയിരുന്നു.

പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ് സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് ,സീനിയർ സി പി ഒ മാരായ വർഗീസ് വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, രമേശ്, അജിത്ത് മോഹൻ സി പി ഒ മാരായ സിബിൻ സണ്ണി, നിസാമുദ്ദീൻ, ടി.എ ഫസൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button