
ദുബായ് : 2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ആഹ്വാനം ചെയ്തു. 2025 മെയ് 20-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളോടാണ് സമയബന്ധിതമായി അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തത്. ഇത്തരം സ്ഥാപനങ്ങളിൽ പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ അനുപാതം 1% വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്‌ഷ്യം.
2025-ലെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2025 ജൂൺ 30-ന് അവസാനിക്കുന്നതാണ്. ജൂലൈ 1 മുതൽ സ്ഥാപനങ്ങളിൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments