
ന്യൂഡൽഹി: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു. ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനം ശക്തമായി കുലുങ്ങുകയും ആടിയുലയുകയും ചെയ്തതോടെ യാത്രക്കാരും പരിഭ്രാന്തരായി. ആകാശച്ചുഴിയിൽപെട്ട വിമാനത്തിനുള്ളിലെ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇൻഡിഗോയുടെ 6E2142 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് നൽകിയ ശേഷം വിമാനം ശ്രീനഗറിൽ ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചു. വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
വിമാനം ശക്തമായി കുലുങ്ങിയപ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിൻ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യാത്രക്കാർ കുറിച്ചത്.
അതേ സമയം ഡൽഹിയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായും വിവരമുണ്ട്.
Post Your Comments