Latest NewsKeralaNews

മഴ കനക്കുന്നു ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍

വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുക

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്‍സൂണിനെ വരവേല്‍ക്കാന്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുക.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ട്. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.  അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഷട്ടറുകള്‍ ഇന്ന്രാവിലെ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കുറച്ച് കൂടി ജാഗ്രതയോടെ എല്ലാ അണക്കെട്ടുകള്‍ക്കും ഡാമുകള്‍ക്കുമൊക്കെ റൂള്‍ കര്‍വ് കുറച്ചുകൂടി കര്‍ശനമായി പാലിക്കണമെന്നും ഒരു കാരണവശാലും വിട്ടുവീഴ്ചയും കാത്തിരിപ്പും വേണ്ടെന്നും നിര്‍ദ്ദേശിച്ചു.

അതത് സമയങ്ങളില്‍ വെള്ളം തുറന്നു വിടാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് വെള്ളക്കെട്ടിനും മണ്ണിടിച്ചലിനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലേക്കും ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കാറ്റുണ്ടെങ്കില്‍ സുരക്ഷിതമായ ഇടത്ത് തുടരാന്‍ ശ്രദ്ധിക്കണം മന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇടപെടല്‍ വളരെ ശ്രദ്ധിച്ചുവേണമെന്ന് മന്ത്രി പറഞ്ഞു. ആളുകള്‍ പലവിധ വാര്‍ത്തകളും കാഴ്ചകളും സോഷ്യല്‍ മീഡിയയിലൂടെ കൊടുക്കുകയാണ്. 2018ലെയും 19ലെയുമൊക്കെ പ്രളയസമാനമായ ചിത്രം എടുത്തുകാട്ടി പ്രചരിപ്പിക്കുന്നുണ്ട്. അത് കര്‍ശനമായി നിയന്ത്രിക്കാന്‍ അതത് സ്ഥലത്തെ കലക്ടര്‍മാരോടും ഐടി സെല്ലിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button