
കൊച്ചി: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ഡിടിപിസി യുടേയും ടൂറിസം വകുപ്പിന്റേയും കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിര്‍ത്തി വെക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
മണ്ണിടിച്ചില്‍ മൂലം തടസ്സമുണ്ടായ കൊട്ടിയൂര്‍ – പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ആറ് മണിക്കുശേഷം വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകേണ്ടതാണ്.
Post Your Comments