
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായമഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതിതീവ്രമായ മഴയുണ്ടാകുന്ന പക്ഷം അടിയന്തര ഘട്ടത്തില്‍ രാത്രികാലങ്ങളിലും ഷട്ടറുകള്‍ തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയുള്ള സമയങ്ങളില്‍ സ്ലൂയിസ് വാല്‍വുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ഇടമലയാര്‍ റിസര്‍ച്ച് & ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പെരിങ്ങല്‍ക്കുത്ത് ഡാമിലെ അധികജലം ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴയില്‍ മത്സ്യബന്ധനം അനുവദിക്കുന്നതല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
Post Your Comments