മലയാളികളുടെ പ്രിയതാരമാണ് ഭാവന. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഭാവന ഇന്ന് കന്നഡയുടെ മരുമകളാണ്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഭാവനയെ സ്നേഹിക്കുന്നവരുണ്ട്. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭാവന ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഭാവനയ്ക്ക് ആശംസകളുമായി സിനിമാ മേഖലയിലെ കൂട്ടുകാർ. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്.
‘ഈ ഫോട്ടോ ഒരുപക്ഷെ മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങൾക്കത് അറിയാമെന്ന് എനിക്കറിയാം’, മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഭാവനയ്ക്കും സംയുക്ത വർമയ്ക്കുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
Also Read:വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
‘കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ’, എന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുന്നത്. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്.
Post Your Comments